സാധാരണ ജനത്തിന് ഇരുട്ടടിയായി വൈദ്യുതി നിരക്കു വർധന വന്നപ്പോൾ മലയാളികളുടെ കുടുംബബജറ്റ് താളം തെറ്റും. എന്നാൽ ഇതിനെല്ലാം ഒരു പോംവഴി നമ്മുടെ തലയുടെ മുകളിൽ തന്നെയുണ്ട്! സൂര്യൻ.. വൈദ്യുതി നിരക്കുവർധന എന്ന ഒറ്റക്കാരണത്താൽ വീട്ടിൽ സോളർ നിലയം സ്ഥാപിക്കുന്നത് ലാഭകരമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ?
3500 രൂപയ്ക്ക് മുകളിൽ വൈദ്യുതി നിരക്ക് വരുന്നവർ മാത്രം സോളാർ വയ്ക്കുന്നതായിരിക്കും ലാഭകരം. ഇവർക്ക് മാത്രമായിരിക്കും ഇൻവെസ്റ്റ് ചെയ്യുന്ന പണം തിരിച്ചു കിട്ടുക.
പലപ്പോഴും സോളാർ വെച്ചുകഴിഞ്ഞാൽ പല പ്രശ്നങ്ങളും വരാറുണ്ട്. അതിലൊന്നാണ് സോളാർ വയ്ക്കുന്ന ഇടത്ത് ചോർച്ച ഉണ്ടാവുക എന്നുള്ളത്. അതുകൊണ്ടുതന്നെ സോളാർ വയ്ക്കുമ്പോൾ കെമിക്കൽ ബോൾട്ടിങ് ചെയ്തിരിക്കണം.
ഒരു വ്യക്തി കലാകാലത്തോളം അടയ്ക്കുന്ന വൈദ്യുത ബില്ലുമായി തട്ടിച്ചു നോക്കുമ്പോൾ വലിയൊരു തുക പാനലുകൾക്കായി ചെലവാക്കേണ്ടതില്ല. ഒന്നര – രണ്ട് ലക്ഷം രൂപയ്ക്കു മുതൽ പാനലുകൾ ഘടിപ്പിക്കാൻ സാധിക്കും. ഇതിൽ ആകെത്തുകയുടെ ഒരു നിശ്ചിത ശതമാനം സബ്സിഡിയായി ലഭിക്കും. അതുകൊണ്ട് സബ്സിഡി ലാഭകരമാണ്. 3 മുതൽ 6 kw വരെ സബ്സിഡി ലാഭകരമാണ്.
രണ്ട് തരത്തിലെ സോളാർ പാനലുകളാണ് ഉള്ളത്: ഡിസിആർ പാനലും നോൺ ഡിസിആർ പാനലും. 8 kw ന് മുകളിലേക്കുള്ള പ്രോജറ്റുകൾക്ക് നോൺ ഡിസിആർ പാനൽ ഉപയോഗിക്കുന്നത് ആയിരിക്കും നല്ലത്.
പാനലുകൾ, ഇൻവെർട്ടറുകൾ, ബാറ്ററി എന്നിവ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കാരണം, മറ്റേത് ഉപകരണങ്ങളെയും പോലെ തന്നെ വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ല എങ്കിൽ നഷ്ടമായിരിക്കും ഫലം. അതിനാൽ വിലക്കുറവിൽ ലഭിക്കും എന്ന് കരുതി ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾക്ക് പിന്നാലെ പോകരുത്. ഇപ്പോൾ നമ്മുടെ ഉപയോഗശേഷം വൈദ്യുതി ബാക്കി വരികയാണെങ്കിൽ അത് സർക്കാരിനു നൽകി പണം ലാഭം നേടാനും വഴിയുണ്ട്. നമ്മൾ ഉപയോഗിക്കുന്ന ഇൻവെർട്ടറിന്റെ സ്വഭാവമനുസരിച്ചാണ് ഈ അവസരം ലഭ്യമാകുക.
വൈദ്യുതി നിരക്ക് കൂടിയാൽ സോളാഠ നഷ്ടമാകില്ല. ഓൺ–ഗ്രിഡ്, ഓഫ്–ഗ്രിഡ് എന്നിങ്ങനെ രണ്ടുതരം സോളർ ഇൻവെർട്ടറുകളാണ് ഉള്ളത്. ഓൺ–ഗ്രിഡ് ഇൻവെർട്ടർ സംവിധാനം വഴിയാണ് ബാക്കി വരുന്ന വൈദ്യുതി സർക്കാരിനു നൽകാൻ സാധിക്കുക. തത്തുല്യമായ തുക വൈദ്യുതി ബില്ലിൽനിന്ന് ഇളവു ചെയ്യുകയും ചെയ്യും. എന്നാൽ ചില പോരായ്മകളുമുണ്ട്. കെഎസ്ഇബി ലൈനിൽ കറന്റ് ഇല്ലെങ്കിൽ വീട്ടിലും കറന്റ് ലഭിക്കുകയില്ല. ഓൺ–ഗ്രിഡ് രീതിയിൽ സോളർ പാനൽ ഘടിപ്പിക്കുന്നതിന് രണ്ടര ലക്ഷത്തിനും രണ്ടേമുക്കാൽ ലക്ഷത്തിനും ഇടയ്ക്കു ചെലവു വരും.
സോളാർ പാനലുകൾ വയ്ക്കാൻ ഉദ്ദേശിക്കുന്നവർ എത്രയും പെട്ടെന്ന് വയ്ക്കുന്നത് ആവും നല്ലത്. കാരണം ട്രാൻസ്ഫോമർ അവൈലബിലിറ്റി കുറയുകയാണ്.