യാത്രക്കായി അധികമാരാലും അറിയാതെ പോവുന്ന ഒട്ടനവധി ഇടങ്ങൾ വിസ്‌മൃതിയിൽ ആഴുകയാണ്. അത്തരത്തിൽ കഴിഞ്ഞ കുറച്ച് കാലമായി കോഴിക്കോട് ജില്ലയിലെ ഒരിടം പതിയെ ആളുകളുടെ ഇഷ്‌ട ഇടങ്ങളുടെ പട്ടികയിലേക്ക് ഉയർന്നുവരികയാണ്. അതാണ് പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ ഉറങ്ങുന്ന ആനക്കാംപൊയിൽ എന്ന അതിമനോഹരമായ ഇടം. കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും മികച്ച അവധിക്കാല കേന്ദ്രമാവാൻ കെൽപുണ്ടായിട്ട് കൂടി വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയൊരു സ്ഥലമാണ് ഇത്. എങ്കിലും ഇവിടേക്ക് സഞ്ചാരികൾ ധാരാളമായി എത്തുന്നുണ്ട്.
നഗരത്തിന്റെ തിരക്കുകളിൽ നിന്ന് അൽപസമയം മാറി നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്‌ഷൻ തന്നെയാണ് ഈ സ്ഥലം. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു മലയോര ഒരു ഗ്രാമമാണ് ആനക്കാംപൊയിൽ. പശ്ചിമഘട്ട മലനിരകളുടെ പടിഞ്ഞാറ് ഭാഗത്തായി, വടക്ക് നീലമലയും, കിഴക്ക് വെള്ളരിമലയും, തെക്ക് മരുതും കോട്ട് മലയും ചുറ്റി നിൽക്കുന്ന അതിമനോഹരമായ ഒരു ഇടമാണ് ആനക്കാംപൊയിൽ എന്ന കൊച്ചുഗ്രാമം.ഇവിടെ ഏറ്റവും കൂടുതൽ സഞ്ചാരികൾ വിരുന്നെത്തുന്ന കേന്ദ്രമാണ് അരിപ്പാറ വെള്ളച്ചാട്ടം. തിരുവമ്പാടി-ആനക്കാംപൊയിൽ റൂട്ടിൽ സഞ്ചരിക്കുമ്പോൾ തിരുവമ്പാടി ടൗണിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പ്രശസ്‌തമായ ഇരുവഞ്ഞിപ്പുഴയുടെ കൈവഴിയാണ് ഈ വെള്ളച്ചാട്ടം.
തിരുവമ്പാടി പഞ്ചായത്തിലും വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു മലനിരയാണ് വെള്ളരിമല മലനിരകൾ. ഇക്കോ ടൂറിസം ട്രെക്കിംഗ്, റോക്ക് ക്ലൈംബിംഗ്, വന്യജീവി സങ്കേതങ്ങളിലേക്കുള്ള യാത്ര എന്നിവയ്ക്ക് അനുയോജ്യമായ ഇടമാണ് ഇത്. ആനക്കാംപൊയിലിനോട് ചേർന്നാണ് വെള്ളരിമലയുടെ സ്ഥാനം.ഇവിടെ നിന്ന് വയനാട്ടിലേക്ക് അധിക ദൂരമില്ല എന്നതാണ് ആനക്കാംപൊയിലിനെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്. കൂടാതെ ഇവിടേക്ക് വിരുന്നെത്തുന്ന സഞ്ചാരികളെ കാത്ത് ധാരാളം റിസോർട്ടുകൾ, ഹോംസ്‌റ്റേകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിൽ നിന്നും കെഎസ്ആർടിസി ബസിൽ ഇവിടേക്ക് എത്താനുള്ള സൗകര്യമായുണ്ട്. ആനക്കാംപൊയിലൂടെ ഉള്ള ആനവണ്ടി യാത്ര അതിമനോഹരമാണെന്ന് പറയാതിരിക്കാൻ വയ്യ.
STORY HIGHLIGHTS: travel-ideas-explore-the-landscape-of-anakkampoyil-this-hidden-gem-of-kozhikode