ഇടുക്കി കുമാരമംഗലം പെരുമാങ്കണ്ടത്തിന് സമീപം കാറിന് തീപിടിച്ച് മുൻ സഹകരണ ബാങ്ക് മാനേജർ മരിച്ചു. ഏഴല്ലൂർ പ്ലാന്റേഷൻ സ്വദേശി എരപ്പനാൽ ഇ.ബി സിബിയുടെ മൃതദേഹമാണ് കാറിനുള്ളിൽ കണ്ടെത്തിയത്. ഏഴല്ലൂർ-തൊടുപുഴ റോഡിൽ പെരുമാങ്കണ്ടത്തിന് സമീപം നരക്കുഴി ജംഗ്ഷനിൽ നിന്ന് 70 മീറ്റർ മാറി പ്ലാന്റേഷനിലേക്ക് പോകുന്ന റോഡിലെ സ്വകാര്യ വ്യക്തിയുടെ കൃഷിടത്തിലേക്ക് കയറിയുള്ള ചെറുവഴിയിൽ വെച്ചാണ് കാർ കത്തിയത്. കാർ കത്തുന്നത് കണ്ട നാട്ടുകാർ ഓടിയെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തൊടുപുഴയിൽ നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയാണ് തീ കെടുത്തിയത്.
സംഭവമറിഞ്ഞ് തൊടുപുഴ, കല്ലൂർക്കാട് എന്നിവിടങ്ങളിൽ നിന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു. വീട്ടിലേക്ക് സാധനം വാങ്ങാനെന്ന് പറഞ്ഞിറങ്ങിയ സിബി, സാധനങ്ങൾ വാങ്ങി നൽകിയ ശേഷം തിരിച്ചു കുമാരമംഗലത്തേക്ക് വരുന്ന വഴിയാണ് സംഭവമെന്ന് നാട്ടുകാർ പറഞ്ഞു. കാർ കത്തിയിടത്ത് നിന്ന് നാല് കിലോ മീറ്റർ മാത്രം ദൂരത്തിലാണ് സിബിയുടെ വീട് സ്ഥിതി ചെയ്യുന്നത്.
കാറിന് എങ്ങനെയാണ് തീപിടിച്ചതെന്നതിൽ വ്യക്തമല്ല. കാറിനു തീ പിടിച്ചപ്പോൾ പുറത്തിറങ്ങാൻ കഴിയാത്തതാകാം അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഏറെ പഴക്കം ചെന്ന കാറിലാണ് സിബി സഞ്ചരിച്ചത്. സിബിക്ക് ജീവനൊടുക്കേണ്ട സാഹചര്യമില്ലന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഫൊറൻസിക് വിഭാഗവും പൊലീസും വിശദമായ പരിശോധന നടത്തിയ ശേഷം വൈകിട്ടോടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
STORY HIGHLIGHT: former cooperative bank manager dies