മമ്മൂട്ടിക്ക് ‘തൊമ്മനും മക്കളും’, ‘മായാവി’, ‘ചട്ടമ്പിനാട്’, ജയറാമിന് ‘വൺ മാൻ ഷോ’, ‘മേക്കപ്പ്മാൻ’, ദിലീപിന് ‘കല്യാണരാമൻ’, ‘മേരിക്കുണ്ടൊരു കുഞ്ഞാട്’, പൃഥ്വിരാജിന് ‘ചോക്ലേറ്റ്’, ‘ലോലിപ്പോപ്’, ജയസൂര്യക്ക് ‘പുലിവാൽ കല്യാണം’. ഇപ്പറഞ്ഞ നായകന്മാരിൽ ഓരോരുത്തർക്കും അവരുടെ കരിയറിൽ എടുത്തുപറയാൻ പറ്റുന്ന ഒരു ചിത്രം ഷാഫിയുടേതാകും. മലയാള സിനിമയുടെ 2000-2010 കാലഘട്ടം ഷാഫിക്ക് കൂടി അവകാശപ്പെടാം. എക്കാലവും ഓർമയിൽ സൂക്ഷിക്കാൻ, ആവർത്തനവിരസതയില്ലാതെ വീണ്ടും വീണ്ടും കണ്ടു ചിരിക്കാൻ, ഒട്ടേറെ മികച്ച കോമഡികൾ ഈ വർഷങ്ങളിൽ വെള്ളിത്തിരയിൽ പിറന്നു.
നര്‍മ്മരസത്തില്‍ ഊന്നി കഥപറയാനുള്ള മികവാണ് ഷാഫിയെ സൂപ്പര്‍ ഹിറ്റ് സംവിധായകനാക്കിയത്. ചിരിപ്പിക്കുന്ന നായകന്മാരെ സൃഷ്ടിക്കുന്നത് ചെറിയ കാര്യമല്ല. കാണികളെ രസിപ്പിക്കാന്‍ പ്രത്യേകം ഹാസ്യകഥാപാത്രങ്ങളെന്ന പതിവ് വിട്ട് നായകന്മാര്‍ തന്നെ ചിരിപ്പിക്കാന്‍ ഇറങ്ങിയത് മലയാളത്തില്‍ തൊണ്ണൂറുകളോടെയാണ്. രണ്ടായിരത്തിലെത്തിയപ്പോള്‍ ആദ്യാവസാനം പൊട്ടിച്ചിരികളുടെ മലപ്പടക്കം തന്നെയായി ഒരുനിര സിനിമകള്‍.
2001ല്‍ സഹോദരന്‍ റാഫിയും മെക്കാര്‍ട്ടിനും ചേര്‍ന്ന് രചന നിര്‍വഹിച്ച വണ്‍മാന്‍ഷോ ആയിരുന്നു ഷാഫിയുടെ ആദ്യ സംവിധാന സംരംഭം. ജയറാമും ലാലും സംയുക്ത വർമ്മയും അഭിനയിച്ച സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ഒരു വര്‍ഷത്തിനുശേഷം പുറത്തിറങ്ങിയ ദിലീപ് ചിത്രം ബോക്സോഫീസ് ഇളക്കിമറിച്ചു. 2005ല്‍ ഷാഫി സംവിധാനം ചെയ്ത തൊമ്മനും മക്കളും ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു. കോമഡിയും മാസും ചേര്‍ന്ന ചിത്രം രണ്ടു പതിറ്റാണ്ടിനുശേഷവും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളുടെ പട്ടികയിലുണ്ട്. രാജന്‍ പി ദേവിന്‍റെ അഭിനയ ജീവിതത്തിലെയും ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു തൊമ്മന്‍.
2007-ല്‍ ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മായാവിയും മലയാള സിനിമയിലെ മിന്നുന്ന ബോക്സോഫീസ് വിജയങ്ങളിലൊന്നാണ്. ചട്ടമ്പിനാടും വെനീസിലെ വ്യാപാരിയുമായി ജനപ്രിയ ചേരുവകള്‍ നിറഞ്ഞ മമ്മൂട്ടിച്ചിത്രങ്ങളുടെ വേറൊരു ധാര തന്നെ ഷാഫിയുടെ സംവിധാന മികവിലൂടെ സംഭവിച്ചു. നടന്‍ ദിലീപിനെ മാത്രമല്ല പൃഥ്വീരാജിനെയും വരെ ചിരിപ്പിക്കുന്ന ജനപ്രിയ നായകപദവിയിലേക്ക് ഉയര്‍ത്തിയ സംവിധായകനുമാണ് ഷാഫി.
ദശമൂലം ദാമു, മണവാളൻ, കണ്ണൻ സ്രാങ്ക്, പോഞ്ഞിക്കര. മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഷാഫി സിനിമകളിലെ കഥാപാത്രങ്ങളില്ലെങ്കില്‍ ഇന്ന് സോഷ്യല്‍ മീഡിയ ട്രോളുകള്‍ തന്നെയില്ല. സിനിമകൾ ഇറങ്ങിയിട്ട് വർഷങ്ങളായെങ്കിലും ചിരിയുടെയും ചിന്തയുടെയും ശക്തികൊണ്ട് സോഷ്യല്‍ മീഡിയ ഉള്ളിടത്തോളം കാലം സഞ്ചരിക്കുന്ന കഥാപാത്രങ്ങളെയാണ് ഷാഫി സൃഷ്ടിച്ചതെന്ന്. മലയാള സിനിമയുടെ ഓര്‍മയില്‍ നിന്ന് ചിരി വറ്റാത്തിടത്തോളം കാലം ഷാഫിക്കും മരണമില്ല.