നടൻ ഷാരൂഖ് ഖാന്‍റെ വസതിയായ മുംബൈയിലെ വസതി മന്നത്തിന്‍റെ പാട്ടവ്യവസ്ഥ ഉടമസ്ഥാവകാശമാക്കി മാറ്റാന്‍ അധികമായി നൽകിയ ഒമ്പത് കോടി രൂപ മഹാരാഷ്ട്ര സർക്കാർ തിരികെ നൽകും. കണക്കിലെ പിഴവിനെത്തുടർന്ന് ഷാരൂഖിനും കുടുംബത്തിനും മഹാരാഷ്ട്ര സർക്കാരിൽ നിന്ന് 9 കോടി രൂപ റീഫണ്ട് ചെയ്യാൻ ഒരുങ്ങുന്നത് എന്നാണ് ദേശീയ മാധ്യമങ്ങളിലെ വാര്‍ത്ത. തന്‍റെ വീട് സ്ഥിതി ചെയ്യുന്ന ഭൂമിയുമായി ബന്ധപ്പെട്ട് കളക്ടർ മുംബൈ സബർബൻ ഡിസ്ട്രിക്ടിന് അടച്ച തുക കണക്കാക്കിയതില്‍ പിഴവുണ്ടെന്നും, അത് തിരികെ നൽകാനുള്ള നടൻ്റെ അപേക്ഷ മഹാരാഷ്ട്ര സർക്കാർ അംഗീകരിച്ചേക്കും എന്നാണ് വിവരം.
2,446 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നതാണ് മന്നത്ത് എന്ന വസതിയും സ്ഥലവും. 2001-ൽ ഒരു രജിസ്റ്റർ ചെയ്ത ഉടമ്പടിയിലൂടെ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ഇത് പാട്ടത്തിനെടുത്തു. 2019-ൽ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ബാന്ദ്രയിലെ പൈതൃക സ്വത്തിൻ്റെ പാട്ടം ‘ക്ലാസ് 1 സമ്പൂർണ്ണ ഉടമസ്ഥത’യാക്കി മാറ്റുകയും അതിനായി സർക്കാരിന് പ്രീമിയം തുക അടച്ചുവെന്നാണ് റെസിഡൻ്റ് സബർബൻ കളക്ടർ സതീഷ് ബാഗൽ ശനിയാഴ്ച പറഞ്ഞത്. പ്രീമിയം കണക്കാക്കിയതിൻ്റെ ടാബുലേഷൻ പിശക് കണ്ടെത്തിയതിനെത്തുടർന്നാണ് ഷാരൂഖും കുടുംബവും റവന്യൂ അതോറിറ്റിക്ക് മുമ്പാകെ റീഫണ്ടിനായി അപേക്ഷ സമർപ്പിച്ചു. അത് ഈ ആഴ്ച ആദ്യം ശരിയാണെന്ന് കണ്ടെത്തി.
പ്രീമിയം ഇനത്തിൽ താരം 25 കോടി രൂപയോളം അടച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഷാരൂഖ് എത്ര തുക അടച്ചുവെന്നത് റവന്യൂ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.