വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടികൂടുന്ന ദൗത്യം വിശദീകരിക്കുന്നതിനിടെ ഡിഎഫ്ഒയെ തടഞ്ഞ് പൊലീസ്. ഇന്നത്തെ നടപടികൾ വിശദീകരിക്കുന്നതിനിടയിൽ ഡിഎഫ്ഒയുടെ പ്രതികരണം പൊലീസ് തടഞ്ഞത്. മാനന്തവാടി എസ്എച്ച്ഒ അഗസ്റ്റിൻ ആണ് പ്രതികരണം തടഞ്ഞത്. മാധ്യമ പ്രവർത്തകരോട് കടുവയെ പിടികൂടാൻ വനംവകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെത്തി തടഞ്ഞത്. എന്താണ് നടപടിക്രമങ്ങൾ വിശദീകരിക്കുന്നത് തടഞ്ഞതിന് കാരണമെന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ പൊലീസും വിശദീകരണം നൽകിയിട്ടില്ല.
ഡിഎഫ്ഒ തത്സമയം പ്രതികരിച്ചുകൊണ്ടിരിക്കെ എസ്എച്ച്ഒ ഇടയിലേക്ക് കയറി പ്രതികരണം തടസി അദ്ദേഹത്തെ അകത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഇന്ന് കടുവ ഉണ്ടാകാൻ സാധ്യതയുള്ള മേഖല മാർക്ക് ചെയ്ത് തെരച്ചിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഡിഎഫ്ഒ പറഞ്ഞു. കടുവ എവിടെയാണെന്ന് കണ്ടെത്തുകയെന്നതിനാണ് പ്രഥമ പരിഗണന നൽകുക.
ഡ്രോൺ പരിശോധനയും തെർമൽ ക്യമറ സംവിധാനം ഉപയോഗിച്ചും തിരച്ചിലും നടത്തുമെന്ന് ഡിഎഫ്ഒ പറഞ്ഞു. കുംകിയാനകളെ ആവശ്യത്തിനനുസരിച്ച് ഇവിടേക്ക് എത്തിക്കും. അടിക്കാടുകൾ വെട്ടി സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചതായി ഡിഎഫ്ഒ പ്രതികരിച്ചു. ഇതിനിടെയാണ് എസ്എച്ച്ഒ ഡിഎഫ്ഒയുടെ പ്രതികരണം തടഞ്ഞത്.