തിരുവനന്തപുരം: സംസ്ഥാനത്തും 76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ ദേശീയ പതാക ഉയർത്തി. സംസ്ഥാനത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തിയായിരുന്നു ഗവർണർ സംസാരിച്ചത്. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ടെന്നും വികസിത കേരളമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും പറഞ്ഞ ഗവർണർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു.
കേരളം ഒന്നിനും പിറകിലല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയടക്കം സന്നിഹിതനായ വേദിയിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം വികസിത കേരളം സംബന്ധിച്ച് സംസാരിച്ചു. മുഖ്യമന്ത്രിക്ക് അക്കാര്യം ബോധ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ട്. വികസിത കേരളം എന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിന്. തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടാകും. അത് സ്വാഭാവികമാണ്. മനുഷ്യരാണ്, കൃത്രിമ യന്ത്രങ്ങളല്ല. ഒരുമിച്ച് സഞ്ചരിക്കേണ്ടവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
എൻ്റെ സംസ്ഥാനത്തിനാണ് രാജ്യത്തെ ഏറ്റവും വലിയ സാക്ഷരത ഉള്ളതെന്നും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. രാജ്യത്ത് ഒട്ടനവധി സൂചകങ്ങളിൽ കേരളം ഒന്നാമതാണ്. കേരളത്തിലെ ജനങ്ങൾ മികച്ചവരാണ്. മലയാളികൾ സിംഹങ്ങളാണ്. ഒരുപാട് മുന്നേറിയവരാണ്. ഇനിയും മുന്നേറാനുള്ള യാത്രയെക്കുറിച്ച് ഒന്നിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച ഗവർണർ തുറന്ന ജീപ്പിൽ പരേഡ് പരിശോധിച്ചു. പൊലീസ്, എക്സൈസ്, തുടങ്ങി 15 ഓളം സേനാവിഭാഗങ്ങൾ പരേഡിൽ അണിനിരക്കും. കരസേന, വ്യോമസേന, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, ഇന്ത്യ റിസർവ് ബറ്റാലിയൻ തുടങ്ങി വിവിധ സേനകളെ പ്രതിനിധീകരിച്ചുള്ള ബറ്റാലിയനുകളും പരേഡിൽ പങ്കെടുക്കുന്നുണ്ട്. ഇത് കൂടാതെ വിദ്യാർത്ഥികളുടെ വിഭാഗമായ എൻസിസി, സൈനിക് സ്‌കൂൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തുടങ്ങിയവയും സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ അണിനിരക്കും.
ഇന്ത്യൻ കരസേനയുടെ മേജർ ജെ അചന്ദറാണ് പരേഡ് നയിക്കുന്നത്. പരേഡ് പരിശോധനയ്‌ക്ക് ശേഷം വിവിധ സേനാ വിഭാഗത്തിനുള്ള വിശിഷ്ട മെഡലുകളും ഗവർണർ സമ്മാനിക്കും. യുഎഇ കോൺസുലേറ്റിലുള്ള നയതന്ത്രപ്രതിനിധികളും തലസ്‌ഥാനത്തെ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
CONTENT HIGHLIGHT: governor praises kerala and cm republic day speech