മാനന്തവാടി: വയനാട് പെരുന്തട്ടയിൽ വന്യജീവി പശുവിനെ ആക്രമിച്ചു. പശുക്കിടാവാണ് ആക്രമിക്കപ്പെട്ടത്. പുലി ആണോ എന്ന് സംശയമുണ്ടെന്നും സ്ഥലത്ത് കൂട് വയ്ക്കുമെന്നും വനം വകുപ്പ് അറിയിച്ചു.
അതേ സമയം പഞ്ചാരക്കൊല്ലിയിലെ നരഭോജികടുവയെ പിടികൂടാനുള്ള തിരച്ചിൽ വനംവകുപ്പ് ഇന്നും തുടരും. 80 അംഗ ആർആർടി സംഘം പ്രദേശത്ത് 8 ഗ്രൂപ്പുകളായി തിരിഞ്ഞ് കടുവയ്ക്കായി തിരച്ചിൽ നടത്തുകയാണ്. രണ്ടു കൂടുകളും 38 ക്യാമറകളും വിവിധ മേഖലകളിലായി സ്ഥാപിച്ചിട്ടുണ്ട്. പ്രദേശവാസികളിൽ ചിലർ കടുവയെ വീണ്ടും കണ്ടെന്ന് പറയുമ്പോഴും കടുവയുടെ സാന്നിധ്യം കണ്ടെത്താൻ വനംവകുപ്പിനു കഴിഞ്ഞില്ല. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇന്നും കടുവയ്ക്കായി തിരച്ചിൽ നടത്തും
കടുവയെ കണ്ടെത്താൻ തെർമ്മൽ ക്യാമറ കൂടി ഉപയോഗിക്കും. ഇതിനായി കൊച്ചിയിൽ നിന്നും വിദഗ്ധസംഘം എത്തി. മരങ്ങളുടെ മറവിൽ കടുവയുണ്ടെങ്കിലും തെർമൽ ക്യാമറ ഉപയോഗിച്ച് കണ്ടെത്താൻ കഴിയും.
3 വെറ്റിനറി ഡോക്ടർമാരുടെ കീഴിലുളള മയക്കുവെടി സംഘമടക്കം 7 ടീമുകളാണ് തെരച്ചിലിന് ഇറങ്ങിയത്. ഡോ. അരുൺ സക്കറിയ, ഡോ.അജേഷ് മോഹൻ ദാസ്, ഡോ. ഇല്യാസ് എന്നിവർ ഡാർട്ടിങ് ടീമിനെ നയിക്കും. സുരക്ഷയൊരുക്കാനും പ്രത്യേകം അംഗങ്ങൾ സംഘത്തിലുണ്ടാകും. കടുവയുടെ കൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് തെരച്ചിൽ. കടുവയെ സ്പോട് ചെയ്താൽ ഏറ്റവും അടുത്തുള്ള ദർട്ടിങ് ടീമിനെ അറിയിക്കും.