India

വാടക ഇനത്തില്‍ തരാനുള്ളത് 3 ലക്ഷത്തോളം രൂപ; തമിഴ് നടൻ ഗഞ്ചാ കറുപ്പിനെതിരെ പൊലീസില്‍ പരാതി | complaint filed against actor ganja karuppu

പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വീട് ഉപയോഗിക്കുന്നുവെന്നുമാണ് പരാതി

ചെന്നൈ: തമിഴ് സിനിമകളിൽ ഹാസ്യവേഷങ്ങൾ ചെയ്ത് പ്രശസ്തനായ ഗഞ്ചാ കറുപ്പിനെതിരെ വീട്ടുടമ പൊലീസില്‍ പരാതി നല്‍കി. ചെന്നൈ മധുരവയൽ കൃഷ്ണനഗർ സ്വദേശിയായ രമേശാണ് മധുരവയൽ സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈയില്‍ ഷൂട്ടിംഗിന് വേണ്ടി വരുമ്പോള്‍ താമസിക്കാന്‍ എന്ന പേരില്‍ കറുപ്പ് തന്‍റെ വീട് 2021 ല്‍ വാടകയ്ക്ക് എടുത്തുവെന്നും. എന്നാല്‍ ഇപ്പോള്‍ അയാള്‍ അത് മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയെന്നും. ഇതുവരെ 3 ലക്ഷത്തോളം രൂപ തനിക്ക് വാടക ഇനത്തില്‍ ലഭിക്കാനുണ്ടെന്നും. പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വീട് ഉപയോഗിക്കുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. പൊലീസ് പരാതിയില്‍ അന്വേഷണം ആരംഭിച്ചുവെന്നാണ് വിവരം.

മധുരയിലെ സാധാരണ കുടുംബത്തില്‍ നിന്നും വന്ന് സിനിമ രംഗത്ത് വിവിധ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ഇദ്ദേഹം ചെയ്തിട്ടുണ്ട്. സംവിധായകൻ അമീർ ആണ് കഞ്ചാ കറുപ്പിനെ സിനിമ രംഗത്ത് എത്തിച്ചത്. ഗഞ്ചാ കറുപ്പ് അമീറിനെ തന്റെ ഗുരുനാഥന്‍ എന്നാണ് വിളിക്കാറ്.

കഞ്ചാ കറുപ്പിന് ആദ്യമായി അഭിനയിക്കാനുള്ള അവസരം നൽകിയയാൾ സംവിധായകൻ ബാലയാണ്. ബാലയുടെ സംവിധാനത്തിൽ ഉള്ള പിതാമഹൻ എന്ന സിനിമയിലാണ് ഇദ്ദേഹം ആദ്യമായി അഭിനയിച്ചത്. ഇതിന് ശേഷം അദ്ദേഹം റാം, ചിദംബരത്തിൽ ഒരു അപ്പാസാമി, ശിവകാസി, സണ്ഡക്കോഴി, തിരുപ്പതി, ശിവപ്പദികാരം, പരുത്തിവീരന്‍, സുബ്രഹ്മണ്യപുരം എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.

ഇതുവരെ 100-ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച ഗഞ്ചാ കറുപ്പ്, ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതും ഒരു വിവാദ മത്സരാർത്ഥിയായി മാറിയതും ഏറെ ചര്‍ച്ചയായി. നടന്‍ ഭരണിയെ ഒരു സിലിണ്ടർ കൊണ്ടു ആക്രമിക്കാൻ ശ്രമിച്ച സംഭവം വലിയ ചർച്ചയായി. അധികം വൈകാതെ ഇദ്ദേഹം സീസണില്‍ നിന്നും പുറത്തായി. ഈയടുത്ത് കഞ്ചാ കറുപ്പ് സിനിമ രംഗത്ത് നിന്നും തീര്‍ത്തും അപ്രസക്തനായി എന്ന് പറയാം.

 

Latest News