കൊച്ചി: അങ്കമാലി ആസ്ഥാനമായുള്ള പ്രമുഖ ആഗോള സുഗന്ധ വ്യഞ്ജന ഉത്പാദകരായ മാന്‍ കാന്‍കോര്‍ (Mane Kancor) സന്ദര്‍ശിച്ച് ഫ്രഞ്ച് അംബാസിഡര്‍ തീയറി മത്താവു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വ്യാവസായിക – വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു തീയറി മത്താവുവിന്‍റെ സന്ദര്‍ശനം. പോണ്ടിച്ചേരിയിലെ ഫ്രഞ്ചു കോണ്‍സല്‍ ജനറല്‍ എറ്റിയാന്‍ റോളൻഡ്-പിയേഗ് ഉള്‍പ്പെടുന്ന ഒരു പ്രതിനിധി സംഘവും അംബാസിഡറോടൊപ്പമുണ്ടായിരുന്നു. ഡോ.ജീമോന്‍ കോര (ഡയറക്ടർ ആൻഡ് സിഇഒ, മാന്‍ കാൻകോർ), മാത്യു വർഗീസ് (സീനിയർ വൈസ് പ്രസിഡന്റ് – ഓപ്പറേഷൻസ്, മാന്‍ കാൻകോർ), മാർട്ടിൻ ജാക്കബ് (വൈസ് പ്രസിഡന്റ് എച്ച്ആർ, മാന്‍ കാൻകോർ) എന്നിവര്‍ ചേര്‍ന്ന് ഫ്രഞ്ചു അംബാസിഡറെയും സംഘത്തെയും സ്വീകരിച്ചു.
മാന്‍ കാന്‍കോര്‍ കമ്പനിയുടെ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും കമ്പനി അധികൃതര്‍ സംഘാംഗങ്ങള്‍ക്ക് മുന്നില്‍ വിവരിച്ചു. പ്ലാന്റിലെ അത്യാധുനിക പ്രവര്‍ത്തനങ്ങളും സാങ്കേതിക വിദ്യയും വിശദമായി തന്നെ പ്രതിനിധി സംഘം മനസിലാക്കി. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാവുന്ന മേഖലകളെകുറിച്ച് ദീര്‍ഘമായി ചര്‍ച്ച ചെയ്താണ് സംഘം സന്ദര്‍ശനം അവസാനിപ്പിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതില്‍ സഹായകരമായേക്കാവുന്നതാണ് ഫ്രഞ്ചു അംബാസിഡറുടെ സന്ദര്‍ശനം എന്ന് കരുതപ്പെടുന്നു. ഫ്രാന്‍സ് ആസ്ഥാനമായ് പ്രവര്‍ത്തിക്കുന്ന ആഗോള സുഗന്ധ വ്യഞ്ജന നിര്‍മ്മാതാക്കളില്‍ മുന്‍നിരക്കാരായ മാന്‍ ഗ്രൂപ്പിന്‍റെ (Mane) പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് മാന്‍ കാന്‍കോര്‍. 1969 ലാണ് മാന്‍ കാന്‍കോര്‍ സ്ഥാപിതമായത്.
വിവിധ ഉത്പാദക മേഖലകളിൽ ഉപയോഗിക്കുന്ന ഒലിയോറെസിൻസ്, എസ്സൻഷ്യൽ ഓയിൽസ്, നാച്വറല്‍ ആന്റി ഓക്സിഡന്റുകൾ, നാച്വറല്‍ കളറുകള്‍, കളിനറി, ന്യൂട്രാസ്യൂട്ടിക്കൽ, പേര്‍സണല്‍ കെയര്‍ ഇന്‍ഗ്രീഡിയന്‍സ്, ഗ്രൗണ്ട് സ്പൈസസ് ആന്‍റ് സ്പൈസ് ബ്ലന്‍ഡ്സ് എന്നിവയാണ് മാന്‍ കാന്‍കോര്‍ കമ്പനിയുടെ പ്രധാന ഉത്പ്പന്നങ്ങള്‍. രാജ്യാന്തര നിലവാരത്തില്‍ ആഗോള മാനദണ്ഡങ്ങള്‍ പാലിച്ചാണ് കമ്പനിയുടെ ഓരോ ഉല്‍പ്പനങ്ങളും വിപണിയില്‍ എത്തിക്കുന്നത്. ലോകമെമ്പാടുമുള്ള 80-ലധികം രാജ്യങ്ങളിൽ മാന്‍ കാന്കോർ സാന്നിധ്യമറിയിച്ചിട്ടുണ്ട്.