Kerala

ജില്ലാ പ്രസിഡന്റുമാരെ തീരുമാനിച്ച് ബിജെപി, മൂന്നിടത്ത് തർക്കം; പാലക്കാട് 9 കൗൺസിലർമാർ നാളെ സംസ്ഥാന നേതൃത്വത്തിന് രാജി കത്ത് നൽകും | 9 councillors of palakkad bjp will submit resignation letter

സി കൃഷ്ണകുമാർ, തന്റെ ബെനാമിയെ തിരുകി കയറ്റുന്നുവെന്നുമാണ് പ്രധാന ആക്ഷേപം

പാലക്കാട്: സംസ്ഥാനത്തെ 30 സംഘടനാ ജില്ലകളില്‍ 27 ഇടങ്ങളിലെ ജില്ലാ പ്രസിഡന്റുമാരെ ബിജെപി തീരുമാനിച്ചു. പത്തനംതിട്ട, തിരുവനന്തപുരം സൗത്ത്, ഇടുക്കി സൗത്ത് എന്നീ മൂന്നു ജില്ലകളില്‍ തര്‍ക്കം തുടരുന്നതിനാൽ തീരുമാനം വൈകുകയാണ്. 27 ജില്ലാ പ്രസിഡന്റുമാരുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് വിവരം. യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെ പ്രതിഷേധിച്ച് പാലക്കാട് ബിജെപിയിൽ രാജിക്കൊരുങ്ങി ദേശീയ കൗൺസിൽ അംഗം അടക്കം നേതാക്കൾ. പാലക്കാട് മുൻസിപ്പൽ കൗൺസിലർമാർ ഉൾപ്പെടെ രാജി സന്നദ്ധത അറിയിച്ചു.

9 കൗൺസിലർമാർ നാളെ ബിജെ പി സംസ്ഥാന നേതൃത്വത്തിന് രാജി കത്ത് നൽകും. വിമത യോഗത്തിൽ പങ്കെടുത്ത കൗൺസിലർമാർ രാജിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. മാനദണ്ഡങ്ങൾ തെറ്റിച്ചാണ് തെരഞ്ഞെടുപ്പെന്നാണ് ആക്ഷേപം. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് ലഭിച്ചവരെ മാറ്റിനിർത്തി ഏകപക്ഷീയമായി പ്രസിഡന്റിനെ തെരഞ്ഞെടുത്തുവെന്നും പാലക്കാട്ടെ മുതിർന്ന ബിജെപി നേതാവ് സി കൃഷ്ണകുമാർ, തന്റെ ബെനാമിയെ തിരുകി കയറ്റുന്നുവെന്നുമാണ് പ്രധാന ആക്ഷേപം.

അതിനിടെ ഇടഞ്ഞു നിൽക്കുന്ന ബിജെപി കൗൺസിലർമാരെ മറുകണ്ടം ചാടിക്കാൻ കോൺഗ്രസും നീക്കം തുടങ്ങി. ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യർ വഴി ചർച്ചകൾ നടത്തുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്. സംസ്ഥാന കോൺഗ്രസ് നേതാക്കളും വിമത കൌൺസിലർമാരെ ബന്ധപ്പെട്ടു. കൌൺസിലർമാർ രാജിവെക്കുകയാണെങ്കിൽ നഗരസഭ ബിജെപിക്ക് നഷ്ടമാകും.

തിരുവനന്തപുരം സിറ്റി – കരമന ജയന്‍, തിരുവനന്തപുരം നോര്‍ത്ത് – മുക്കം പാലമൂട് ബിജു, കൊല്ലം വെസ്റ്റ് – എസ്. പ്രശാന്ത്, കൊല്ലം ഈസ്റ്റ്- രാജി പ്രസാദ്, ആലപ്പുഴ സൗത്ത് – സന്ദീപ് വചസ്പതി, ആലപ്പുഴ നോര്‍ത്ത്- പി.കെ. ബിനോയി, കോട്ടയം വെസ്റ്റ്- ലിജിന്‍ ലാല്‍, കോട്ടയം ഈസ്റ്റ്- റോയ് ചാക്കോ, ഇടുക്കി നോര്‍ത്ത്- പി.സി. വര്‍ഗീസ്, എറണാകുളം സിറ്റി- ഷൈജു, എറണാകുളം നോര്‍ത്ത്- ബ്രഹ്‌മരാജ്, എറണാകുളം ഈസ്റ്റ്- പി.പി. സജീവ്, മലപ്പുറം സെന്‍ട്രല്‍- ദീപ പുഴയ്ക്കല്‍, മലപ്പുറം ഈസ്റ്റ്- രശ്മില്‍ നാഥ്, മലപ്പുറം വെസ്റ്റ്- ടി. സുബ്രഹ്‌മണ്യന്‍, പാലക്കാട് ഈസ്റ്റ്- പ്രശാന്ത് ശിവന്‍, പാലക്കാട് വെസ്റ്റ് -പി. വേണുഗോപാല്‍, തൃശൂര്‍ സിറ്റി – ജസ്റ്റിന്‍, തൃശൂര്‍ നോര്‍ത്ത് – നിവേദിത സുബ്രഹ്‌മണ്യന്‍, തൃശൂര്‍ സൗത്ത്- ശ്രീകുമാര്‍, കോഴിക്കോട് സിറ്റി- പ്രകാശ് ബാബു, കോഴിക്കോട് റൂറല്‍ – ദേവദാസ്, കോഴിക്കോട് നോര്‍ത്ത് – പ്രഫുല്‍ കൃഷ്ണ, വയനാട്- പ്രശാന്ത് മലവയല്‍, കണ്ണൂര്‍ നോര്‍ത്ത് – വിനോദ് മാസ്റ്റര്‍, കണ്ണൂര്‍ സൗത്ത് – ബിജു ഇളക്കുഴി, കാസര്‍കോട്- എം.എല്‍. അശ്വനി എന്നീ പേരുകളിലാണ് ധാരണയായിരിക്കുന്നത്.

കരമന ജയൻ, രാജി പ്രസാദ്, സന്ദീപ് വചസ്പതി, പ്രകാശ് ബാബു, നിവേദിത സുബ്രഹ്‌മണ്യന്‍, പ്രഫുല്‍ കൃഷ്ണ തുടങ്ങിയവര്‍ സംസ്ഥാന നേതാക്കളാണ്. കരമന ജയന്‍, ലിജിന്‍ ലാല്‍, ഷൈജു എന്നിവരൊഴികെ എല്ലാവരും ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായാണ് എത്തുന്നത്. കൃഷ്ണദാസ്, സുരേന്ദ്രന്‍ പക്ഷങ്ങള്‍ക്ക് 12 വീതം ജില്ലാ പ്രസിഡന്റുമാര്‍ ഉണ്ടെന്നാണ് വിവരം. കോഴിക്കോട്ടെ രണ്ടിടങ്ങളില്‍ ശോഭാ സുരേന്ദ്രന്‍ അനുകൂലികള്‍ പ്രസിഡന്റുമാരായി. പത്തനംതിട്ട, കാസര്‍കോട്, വയനാട് ഒഴികെയുള്ള ജില്ലകള്‍ വിഭജിച്ചാണ് 30 സംഘന ജില്ലകൾ ബിജെപി രൂപീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ പരീക്ഷിച്ചു വിജയിച്ച പദ്ധതിയാണിത്.