മാനന്തവാടി: ആര്‍.ആര്‍.ടി സംഘത്തെ കടുവ ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാട്ടില്‍ പരിശോധന നടത്തുകയായിരുന്ന ആര്‍.ആര്‍.ടി സംഘത്തെ കടുവ പുറകില്‍ നിന്ന് ആക്രമിക്കുകയായിരുന്നുവെന്ന് മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു. ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ ജയസൂര്യയ്ക്ക് ആണ് പരുക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നും കടുവയെ വെടിവെക്കാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
നരഭോജി കടുവയെ കൂട്ടിലാക്കാനുള്ള ശ്രമങ്ങള്‍ രണ്ട് ദിവസമായി തുടരുകയാണ്. കടുവ കൂടിന് സമീപത്തായി എത്തിയെങ്കിലും കൂട്ടില്‍ കയറിയിരുന്നില്ല. അതിനെ തുടര്‍ന്നാണ് ആര്‍.ആര്‍.ടി സംഘം വനത്തിനുള്ളിലേക്ക് കയറി കടുവയെ വെടിവെക്കാനുള്ള ശ്രമം നടത്തിയത്. സംഘം കാട്ടില്‍ പരിശോധന നടത്തുന്നിതിനിടെയാണ് പുറകില്‍ നിന്ന് കടുവ ആക്രമിച്ചത്.
ജയസൂര്യ എന്ന ഫോറസ്റ്റ് ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കടുവ അടിച്ചിടുകയായിരുന്നു. കടുവയെ ഷീല്‍ഡ് വെച്ച് തടയുന്നതിനിടെ നഖം തട്ടി കൈയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ബാക്കി സംഘം ഇപ്പോഴും പരിശോധന തുടരുകയാണ്. കടുവയ്ക്ക് വെടിയേറ്റിട്ടില്ല. വെടിവെക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നുവെന്നും മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു.