പാലക്കാട്: പാർട്ടി ജില്ലാ അധ്യക്ഷനെ പ്രഖ്യാപിക്കും മുന്നേ പാലക്കാട്ടെ ബിജെപിയില്‍ പൊട്ടിത്തെറി തുടങ്ങിയതോടെ വിമതരെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജില്ല പ്രസിഡന്റ് പട്ടിക കേന്ദ്ര നേതൃത്വം അംഗീകരിച്ചതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇതിനെതിരെ സംസാരിക്കാൻ ആർക്കും ആകില്ലെന്ന് വ്യക്തമാക്കിയ കേ സുരേന്ദ്രൻ ഇത്രയും സമീകൃതമായ പട്ടിക ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. നിങ്ങൾ വിചാരിക്കുന്ന ഒന്നും പാലക്കാട് നടക്കില്ല, നഗരസഭ താഴെ വീഴില്ല, പന്തളത്തും ഇതല്ലേ പറഞ്ഞതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
യുവനേതാവിനെ പാര്‍ട്ടി ജില്ലാ പ്രസിഡന്റായി നിയമിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പാലക്കാട് പ്രതിഷേധം. പാലക്കാട് നഗരസഭ ചെയര്‍പഴ്‌സൻ അടക്കം ഒമ്പത് കൗണ്‍സിലര്‍മാര്‍ യോഗം ചേര്‍ന്നു. സി. കൃഷ്ണകുമാറിനെ എതിർക്കുന്നവരുടെ വിഭാഗമാണിത്. കൗണ്‍സിലര്‍മാര്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചതായാണ് വിവരം.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെയാണ് പ്രതിഷേധം. വിമത യോഗത്തില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാര്‍ രാജിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. ഒൻപതു കൗണ്‍സിലര്‍മാര്‍ നാളെ ബിജെപി സംസ്ഥാന നേതൃത്വത്തിന് രാജിക്കത്ത് നല്‍കുമെന്നാണ് സൂചന. അധ്യക്ഷനെ പ്രഖ്യാപിക്കാൻ മുതിർന്ന നേതാവ് കെ.എസ്.രാധാകൃഷ്ണൻ നാളെ ജില്ലയിലേക്ക് എത്താനിരിക്കെയാണ് നാടകീയ സംഭവങ്ങൾ.
ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കൂടുതല്‍ വോട്ട് കിട്ടിയവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി പ്രസിഡന്റിനെ തിരഞ്ഞെടുത്തുവെന്നാണ് വിമതപക്ഷം ആരോപിക്കുന്നത്. അതിനിടെ ഇടഞ്ഞു നില്‍ക്കുന്ന ബിജെപി കൗണ്‍സിലര്‍മാരുമായി കോൺഗ്രസ് നേതാക്കൾ അനൗദ്യോഗിക ചർച്ച നടത്തുന്നുണ്ടെന്നും സൂചനയുണ്ട്.