മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിൽ തുടർച്ചയായ രണ്ടാം ഗ്രാൻഡ്‌സ്‍ലാം കിരീടം സ്വന്തമാക്കി ഇറ്റാലിയൻ താരം യാനിക് സിന്നർ. കന്നിക്കിരീടം ലക്ഷ്യമിട്ട് മൂന്നാം ഗ്രാൻസ്‌ലാം ഫൈനലിന് ഇറങ്ങിയ ലോക രണ്ടാം നമ്പർ താരമായ ജർമൻ താരം അലക്സാണ്ടർ സ്വരേവിന് ഇത്തവണയും തോൽവിയോടെയാണ് മടക്കം. ആവേശകരമായ കലാശപ്പോരിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്നർ സ്വരേവിനെ വീഴ്ത്തിയത്. സ്കോർ: 6–3, 7–6 (7–4), 6–3.
ഇതോടെ റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച്, ആന്ദ്രെ അഗാസി എന്നിവർക്കു ശേഷം ഈ നൂറ്റാണ്ടിൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നിലനിർത്തുന്ന ആദ്യ പുരുഷ താരമായും സിന്നർ മാറി. ഇറ്റാലിയൻ താരത്തിന്റെ മൂന്നാം ഗ്രാൻസ്‍ലാം കിരീടം കൂടിയാണിത്. 2024ലെ ഓസ്ട്രേലിയൻ ഓപ്പണിനു പുറമേ, യുഎസ് ഓപ്പണിലും സിന്നർ കിരീടം ചൂടിയിരുന്നു. മൂന്നു ഗ്രാൻസ്‍ലാം കിരീടങ്ങൾ നേടുന്ന ആദ്യ ഇറ്റാലിയൻ താരം കൂടിയാണ് സിന്നർ.
ഇതിനു മുൻപു രണ്ടു തവണ ഗ്രാൻസ്‍ലാം ഫൈനലിൽ കടന്നപ്പോലും, രണ്ടാം സ്ഥാനക്കാരനാകാനായിരുന്നു സ്വരേവിന്റെ വിധി. 2020ൽ യുഎസ് ഓപ്പണ്‍ ഫൈനലിലും 2024ൽ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും തോറ്റ സ്വരേവ്, ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ സിന്നറിനെതിരായ തോൽവിയോടെ റണ്ണർ അപ്പ് എന്ന നിലയിൽ ഹാട്രിക്ക് തികച്ചു.
നേർക്കുനേർ പോരാട്ടങ്ങിൽ സിന്നറിനു മേലുള്ള ആധിപത്യവും മെൽബണിൽ സ്വരേവിനെ സഹായിച്ചില്ല. ഇതിനു മുൻപ് ഇരുവരും ഏറ്റുമുട്ടിയ ആറു മത്സരങ്ങളിൽ നാലിലും സ്വരേവാണ് ജയിച്ചത്. ഗ്രാൻസ്‌ലാം വേദികളിൽ മൂന്നു തവണ കണ്ടുമുട്ടിയപ്പോൾ, യുഎസ് ഓപ്പണിൽ രണ്ടുതവണയും സ്വരേവും ഫ്രഞ്ച് ഓപ്പണിൽ 2020ൽ സിന്നറും ജയിച്ചു. അതേസമയം, ഇതിനു മുൻപ് ഇരുവരും ഏറ്റവും ഒടുവിൽ നേർക്കുനേർ എത്തിയ സിന്‍സിനാറ്റി ടൂർണമെന്റിന്റെ സെമിയിൽ സിന്നർ സ്വരേവിനെ വീഴ്ത്തിയിരുന്നു.
നേരത്തേ, സെമിയിൽ യുഎസിന്റെ ബെൻ ഷെൽട്ടനെ തോൽപിച്ചാണ് നിലവിലെ ചാംപ്യനായ സിന്നർ ഫൈനൽ ഉറപ്പിച്ചത്. സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ മറികടന്നായിരുന്നു സ്വരേവിന്റെ ഫൈനൽ പ്രവേശം. സെമിയിൽ സ്വരേവ് ആദ്യ സെറ്റ് ജയിച്ചുനിൽക്കെ ജോക്കോവിച്ച് പരുക്കേറ്റ് മത്സരത്തിൽനിന്ന് പിൻമാറുകയായിരുന്നു. 2019ൽ നൊവാക് ജോക്കോവിച്ച് സ്പാനിഷ് താരം റാഫേൽ നദാലിനെ തോൽപ്പിച്ച ശേഷം ഇതാദ്യമാണ് ഒന്നും രണ്ടും സീഡുകൾ ഓസ്ട്രേലിയൻ ഓപ്പണൽ ഫൈനലിൽ ഏറ്റുമുട്ടുന്നത്.