ലഖ്നൗ: പരീക്ഷയ്ക്കിടെ സാനിറ്ററി പാഡ് ആവശ്യപ്പെട്ടതിന് 11-ാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ നിന്ന് പുറത്തിറക്കി നിർത്തതായി പരാതി. റായ്ബറേലിയിലെ ഒരു ഗേൾസ് സ്കൂളിലാണ് സംഭവം. പെൺകുട്ടിയെ ഒരു മണിക്കൂറോളം പുറത്ത് നിർത്തിയതായാണ് പൊലീസിന് പരാതി ലഭിച്ചിരിക്കുന്നത്. വിഷയത്തിൽ ഔദ്യോഗിക അന്വേഷണവും ആരംഭിച്ചിരിക്കുകയാണ്. സംഭവം പുറത്തറിഞ്ഞതോടെ വലിയ പ്രതിഷേധങ്ങളാണ് സ്കൂളിന് നേരെ ഉയരുന്നത്.
ശനിയാഴ്ച്ച പരീക്ഷയ്ക്കിടെ ആർത്തവം ആരംഭിച്ച വിദ്യാർഥിനി സാനിറ്ററി പാഡിനായി വിദ്യാർത്ഥികളോടും തുടർന്ന് പ്രിൻസിപ്പലിനോടും സഹായം തേടിയപ്പോഴായിരുന്നു പുറത്ത് നിർത്തിയതെന്ന് പരാതിയിൽ പറയുന്നു. സഹായിക്കുന്നതിനു പകരം വിദ്യാർത്ഥിനിയെ അവഗണിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ആർത്തവം തുടങ്ങിയെന്ന് മനസിലാക്കിയ മകൾ പരീക്ഷ എഴുതാനായി സഹായം തേടിയതാണെന്ന് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു.
പ്രിൻസിപ്പലിനോട് സാനിറ്ററി പാഡ് ആവശ്യപ്പെട്ടപ്പോൾ ക്ലാസ് മുറിയിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ഒരു മണിക്കൂറോളം പുറത്ത് നിൽക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥിനി പറഞ്ഞു. സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ സ്കൂൾ ഇൻസ്‌പെക്ടർ (ഡിഐഒഎസ്), സംസ്ഥാന വനിതാ കമ്മീഷൻ, വനിതാ ക്ഷേമ വകുപ്പ് എന്നിവർക്ക് പിതാവ് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
വിഷയം അന്വേഷിച്ചുവരികയാണെന്നും കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും ജില്ലാ സ്കൂൾ ഇൻസ്പെക്ടർ ദേവകി നന്ദൻ പറഞ്ഞു.
content highlight : girl-student-was-suspended-for-an-hour-for-menstruating-during-an-exam-and-asking-for-sanitary-pad