Sports

രഞ്ജി ട്രോഫി; കേരള മധ്യപ്രദേശ് മത്സരം സമനിലയില്‍, ആദിത്യ സര്‍വാട്ടെ മാന്‍ ഓഫ് ദി മാച്ച്

കേരളവും മധ്യപ്രദേശും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ 363 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്ത് നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ആദിത്യ സര്‍വാടെയുടെയും മൊഹമ്മദ് അസറുദ്ദീന്റെയും ഇന്നിങ്‌സുകളാണ് കേരളത്തിന് സമനില സമ്മാനിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയ കേരളം മത്സരത്തില്‍ നിന്ന് വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ കരസ്ഥമാക്കി.

ഒരു വിക്കറ്റിന് 28 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. തുടരെ നാല് വിക്കറ്റുകള്‍ നഷ്ടമായതോടെ ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 47 റണ്‍സെന്ന നിലയിലായിരുന്നു കേരളം. ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന മൊഹമ്മദ് അസറുദ്ദീനും ജലജ് സക്‌സേനയും ചേര്‍ന്നാണ് കേരളത്തെ കരകയറ്റിയത്. സ്‌കോര്‍ 121ല്‍ നില്‌ക്കെ 32 റണ്‍സെടുത്ത ജലജ് സക്‌സേന പുറത്തായി. തുടര്‍ന്നെത്തിയ ആദിത്യ സര്‍വാടെയും അസറുദ്ദീനും ചേര്‍ന്നുള്ള 90 റണ്‍സിന്റെ കൂട്ടുകെട്ടാണ് കേരള ഇന്നിങ്‌സില്‍ നിര്‍ണ്ണായകമായത്. മൊഹമ്മദ് അസറുദ്ദീന്‍ 68 റണ്‍സെടുത്ത് പുറത്തായി. മത്സരം അവസാന ഘട്ടത്തോട് അടുക്കവേ 80 റണ്‍സെടുത്ത ആദിത്യ സര്‍വാടെയും പുറത്തായത് കേരള ക്യാമ്പില്‍ ആശങ്ക പടര്‍ത്തി. എന്നാല്‍ ബാബ അപരാജിത്തും നിധീഷ് എംഡിയും ചേര്‍ന്നുള്ള അപരാജിത കൂട്ടുകെട്ട് കേരളത്തിന് സമനില സമ്മാനിക്കുകയായിരുന്നു. ബാബ അപരാജിത് എഴുപത് പന്തുകളില്‍ നിന്ന് 26 റണ്‍സും നിധീഷ് 35 പന്തുകള്‍ നേരിട്ട് നാല് റണ്‍സുമായും പുറത്താകാതെ നിന്നു. മധ്യപ്രദേശിന് വേണ്ടി കുമാര്‍ കാര്‍ത്തികേയ സിങ്ങും കൂല്‍ദീപ് സെന്നും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ആദിത്യ സര്‍വാട്ടെയാണ് മാന്‍ ഓഫ് ദി മാച്ച്. സമനില നേടാനായതോടെ സി ഗ്രൂപ്പില്‍ കര്‍ണ്ണാടകയെ പിന്തള്ളി കേരളം രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ഈ മാസം 30ന് ബിഹാറുമായാണ് കേരളത്തിന്റെ അടുത്ത മത്സരം