തിരുവനന്തപുരം: വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ പൊലീസിലെ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെ പത്തംഗം സംഘത്തെ നിയോഗിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ശാരദ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കടുവയെ എത്രയും വേഗം വെടിവെച്ച് കൊല്ലും. പഞ്ചാരക്കൊല്ലി മേഖലയിൽ കര്‍ഫ്യൂ ശക്തമാക്കും. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണ്.
വിശന്നു നടക്കുന്ന നരഭോജി കടുവയാണത്. അതിനാൽ തന്നെ ശബ്ഗദമുണ്ടാക്കി കടുവയെ പിടികൂടാൻ കഴിയില്ല. ഇതിനാൽ പ്രദേശത്ത് 144 കര്‍ശനമാക്കും. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് പ്രശ്നത്തെ കാണുന്നത്. അടിയന്തരമായി ദൗത്യത്തിനായി 50 ലക്ഷം അനുവദിച്ചിട്ടുണ്ട്. വെടിവെയ്ക്കാനുള്ള ഉത്തരവ് വൈകിയിട്ടില്ലെന്നും പ്രൊട്ടോക്കോള്‍ പാലിച്ച് മാത്രമേ ഉത്തരവിറക്കാനാകുവെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
മാവോയിസ്റ്റ് വേട്ടയ്ക്ക് പോയി പരിചയമുള്ള ഷാര്‍പ്പ് ഷൂട്ടര്‍മാരും കടുവയെ വേട്ടയാടി പിടികൂടാനുള്ള ദൗത്യത്തിലുണ്ടാകും. സംസ്ഥാന പൊലീസിലെ എസ്ഒജി കമാന്‍ഡോകള്‍ കൂടി ദൗത്യത്തിന്‍റെ ഭാഗമാകുമെന്നാണ് വിവരം. അതേസമരം, ജനങ്ങളുടെ സമരത്തെയും പ്രതിഷേധത്തെയും അപലപിച്ചിട്ടില്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ വയനാട്ടിൽ പറഞ്ഞു. ഇനിയുള്ള ഓപ്പറേഷൻ ഒടുവിലെ ഉപായം നടപ്പിലാക്കാനാണ്. കടുവയെ വെടിവെച്ചുകൊല്ലുന്ന ഓപ്പറേഷന് വകുപ്പുണ്ട്.
അതിന് സന്നദ്ധമാണ്. കോടതിയിൽ ആരെങ്കിലും എതിര്‍പ്പുമായി പോകാൻ സാധ്യതയുണ്ട്. അതപ്പോള്‍ നോക്കാമെന്നും വനംവകുപ്പ് വെറ്ററിനറി ടീമും കടുവയെ വെടിവെച്ച് കൊല്ലുന്നതിനോട് യോജിച്ചുവെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. വയനാട്ടിലെത്തിയ എകെ ശശീന്ദ്രൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി. ഇതിനുശേഷം മാനന്തവാടി മെഡിക്കൽ കോളേജിലെത്തി കടുവ ആക്രമണത്തിൽ പരിക്കേറ്റ ആര്‍ആര്‍ടി ഉദ്യോഗസ്ഥൻ ജയസൂര്യയെ കണ്ടു.
content highlight : tiger-attack-in-wayanad-police-sharpshooters-to-hunt-the-man-eating-tiger-sog-commandos-in-team-chief-secretary-sarada-muraleedharan-reacts-on-special-operation