അപൂർവ ഗന്ധത്തിന്റെ പേരിൽ പ്രശസ്തമായ ഈ പൂവ് സിഡ്നിയിലെ റോയൽ ബൊട്ടാണിക് ഗാർഡനിലാണ് വിടർന്നു. ചീഞ്ഞഴുകിയ മാംസത്തിന്റെ ഗന്ധമാണ് ഈ പൂവിന്റെ ഏറ്റവും വലിയ സവിശേഷത. മൂക്കുപൊത്തി മാത്രമേ ഈ പൂവിന്റെ അടുത്തേക്ക് പോകാൻ കഴിയൂവെങ്കിലും ആയിരക്കണക്കിന് ആളുകളാണ് കോർപ്സ് ഫ്ലവർ വിരിഞ്ഞ വിവരമറിഞ്ഞ് ഇതുനേരിട്ട് കാണാൻ ബൊട്ടാണിക് ഗാർഡനിലെത്തിയത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ആദ്യമായാണ് ഈ സസ്യം പൂവിട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആ അപൂർവനിമിഷം. ശവപുഷ്പം കാണാനെത്തിയ ജനങ്ങളുടെ തിരക്ക് കാരണം ബൊട്ടാണിക്കൽ ഗാർഡൻ അർദ്ധരാത്രി കഴിഞ്ഞും തുറന്നുവെക്കേണ്ടി വന്നിരുന്നു. ഒരു ദിവസം മാത്രമേ ഈ പുഷ്പത്തിന് ആയുസുള്ളൂവെന്നതാണ് കാണികൾ ഇരച്ചെത്താൻ കാരണം. അതുകൊണ്ട് അർദ്ധരാത്രി പിന്നിട്ട് പുലർച്ചെ വരെയും ബൊട്ടാണിക്കൽ ഗാർഡൻ കാഴ്ചക്കാർക്കായി തുറന്നുവച്ചു.
amorphophallus titanum എന്നതാണ് ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം. ഇന്തോനേഷ്യയിൽ ഇതിനെ ബംഗ ബംഗ്കായ് എന്നാണ് വിളിക്കുന്നത്. ഇന്തോനേഷ്യൻ കാടുകളിലാണ് ഇവ സാധാരണയായി കാണപ്പെടാറുള്ളത്. മറ്റ് പൂക്കളിൽ നിന്ന് കോർപ്സ് ഫ്ലവറിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ വലിപ്പം തന്നെയാണ്. പൂവിന്റെ നടുക്ക് കുന്തം പോലെ ഉയരമുള്ള ഭാഗമുണ്ട്. ഇതിന് ഏതാണ്ട് പത്തടി നീളമുണ്ടാകും. സിഡ്നിയിൽ 2010-ന് ശേഷം ആദ്യമായാണ് ഈ പുഷ്പം വിടർന്നത്. അതുകൊണ്ടുതന്നെ ഈ പൂ വിടരുന്നതിന്റെ തത്സമയ സംപ്രേഷണമുണ്ടായിരുന്നു. ഒരു മില്യൺ ആളുകളാണ് ഇത് കണ്ടാസ്വദിച്ചത്.
ചീഞ്ഞഴുകിയ എലിയുടെ മണം പരത്തുന്ന പൂവെന്നാണ് ശവപുഷ്പം പൊതുവെ അറിയപ്പെടുന്നത്. 40 വർഷമാണ് ഈ സസ്യത്തിന്റെ പരമാവധി ആയുസ്. ഒരായുഷ്കാലത്തിനിടെ അഞ്ചിൽ താഴെ പ്രാവശ്യം മാത്രമേ ഇത് പൂക്കാറുള്ളൂ,