Travel

‌‌ചങ്കൂറ്റമുള്ളവര്‍ക്ക് മാത്രം സന്ദര്‍ശിക്കാം, ഇന്ത്യയിലെ സാഹസിക യാത്രകൾ| Adventure trips in India that only the brave can visit

വന്യവും അപകടകരവും ദുരുഹൂതകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതുമായ ചില സ്ഥലങ്ങളും ഇവിടെ കാണാം.

കാലാവസ്ഥ കൊണ്ട് വൈവിധ്യമാര്‍ന്ന രാജ്യമാണ് ഇന്ത്യ, ശാന്തവും സുന്ദരവുമായ ഒട്ടേറെയിടങ്ങള്‍ ഇവിടെയുണ്ട്. അതുപോലെ വന്യവും അപകടകരവും ദുരുഹൂതകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതുമായ ചില സ്ഥലങ്ങളും ഇവിടെ കാണാം. ഒരു യഥാര്‍ത്ഥ സഞ്ചാരിയുടെ ആത്മാവിന്റെ ദാഹം തീര്‍ക്കാന്‍ കഴിയുന്ന, ധൈര്യമുള്ളവര്‍ക്ക് മാത്രം എത്തിപ്പെടാവുന്ന ചില സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. അതിജീവിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള കാലാവസ്ഥ- അതായത് കൊടും തണുപ്പും, അതികഠിനമായ ചൂടും ഒക്കെ നിറഞ്ഞയിടങ്ങള്‍, അതിനോടൊപ്പം പരുക്കന്‍ ഭൂപ്രകൃതികളും ദുരൂഹതകളും ഒക്കെ നിറഞ്ഞ ഈ ഇടങ്ങള്‍ വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്ന ചങ്കൂറ്റമുള്ള യാത്രികരെ കാത്തിരിക്കുകയാണ്. ഇന്ത്യയിലെ അത്തരം ചിലയിടങ്ങള്‍ പരിചയപ്പെടാം.

ലഡാക്കിലേക്കുള്ള കവാടം എന്ന് വിശേഷിപ്പിക്കുന്ന ദ്രാസ്, കാര്‍ഗിലില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പട്ടണമാണ്. ദ്രാസ് താഴ്‌വരയുടെ മധ്യത്തിലാണ് ദ്രാസ് സ്ഥിതിചെയ്യുന്നത്. ശ്രീനഗറില്‍ നിന്ന് 140 കിലോമീറ്ററും സോനമാര്‍ഗില്‍ നിന്ന് 60 കിലോമീറ്ററും അകലെയാണ് ദ്രാസ് സ്ഥിതി ചെയ്യുന്നത്. ഭൂമിയിലെ ഏറ്റവും തണുപ്പുള്ള മേഖലയിലെ ജനവാസമുള്ള രണ്ടാമത്തെ സ്ഥലം കൂടിയാണിവിടം. സമുദ്രനിരപ്പില്‍ നിന്ന് 10597 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദ്രാസില്‍, പീക്ക് സീസണില്‍ -45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴും. ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില -60 ഡിഗ്രി സെല്‍ഷ്യസാണ്!

കശ്മീരിന്റെ കിരീടം എന്നറിയപ്പെടുന്ന ഗുരേസ് താഴ്‌വര ശ്രീനഗറില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയാണ്. മലനിരകളും നദികളും കാടുകളും ഇടകലര്‍ന്ന ഈ സ്ഥലം വളരെ മനോഹരമാണ്. അതിര്‍ത്തിപ്രദേശമായതിനാലാണ് ഈ താഴ്‌വരയിലേക്കുള്ള യാത്ര കൂടുതല്‍ സാഹസികമാക്കുന്നത്. പല കാര്യങ്ങള്‍ക്കൊണ്ടും ഈ പ്രദേശം സുരക്ഷിതമല്ല. അപകടകരമായ ഹിമപാതങ്ങള്‍ക്ക സംഭവിക്കാന്‍ സാധ്യതയുള്ള പ്രദേശമാണിത്. ഹിമാലയന്‍ തവിട്ട് കരടിയും മഞ്ഞു പുള്ളിപ്പുലിയും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ജന്തുജാലങ്ങളും വന്യജീവികളും ഇവിടെയുണ്ട്. കിഷന്‍ഗംഗ നദി ഈ താഴ്വരയിലൂടെ ഒഴുകുന്നു. പാക്കിസ്ഥാന്‍ ഭരണത്തിലുള്ള ഗില്‍ജിത്തിലേക്കുള്ള ഒരു റോഡും ഗുരെസിലൂടെ കടന്നുപോകുന്നുണ്ട്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹനഗതാഗതയോഗ്യമായ പാതയായ ചിസുംലെ-ഡെംചോക്ക് റോഡിലൂടെ യാത്ര ചെയ്യാന്‍ ഒരുപക്ഷെ നിങ്ങള്‍ ഓക്‌സിജന്‍ സിലണ്ടര്‍ കൂടി കൊണ്ടുപോകേണ്ടി വരും. ലഡാക്കിലെ ഒരു പര്‍വതനിരയായ ഉംലിംഗ് ലായിലുള്ള ഈ റോഡ് 19000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചിസുംലെ, ഡെംചോക്ക് ഗ്രാമങ്ങള്‍ക്കിടയിലുള്ള ഈ പാത, ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനാണ് നിര്‍മ്മിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ ചുരവും 52 കിലോമീറ്റര്‍ നീളമുള്ള ഈ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ചിസുംലെയില്‍ നിന്ന് 24 കി.മീ ദൂരം സഞ്ചരിച്ചുകഴിയുമ്പോഴാണ് ചുരം ആരംഭിക്കുക.

ഉപ്പുനഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ ഫലോഡി ഇന്ത്യയിലെ ഏറ്റവും ചൂടേറിയ സ്ഥലമാണ്! ഥാര്‍ മരുഭൂമിയോട് ചേര്‍ന്നാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നിങ്ങള്‍ എപ്പോഴെങ്കിലും ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നല്ല തയ്യാറെടുപ്പുകള്‍ നടത്തുക. കാരണം ഈ പ്രദേശത്ത് താപനില 51 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഇന്ത്യയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന താപനിലയുള്ള പ്രദേശമാണിത്. ഇത്രയും ഉയര്‍ന്ന താപനില ഉണ്ടായിരുന്നിട്ടും, ആളുകള്‍ ഇപ്പോഴും ഇവിടെ താമസിക്കുന്നു. പരമ്പരാഗതമായി ഉപ്പ് കച്ചവടത്തിലാണ് ഇവിടെയുള്ളവര്‍ ഏര്‍പ്പെടുന്നത്.

മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മൗസിന്റാം ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നതും ലോകത്തിലെ ഏറ്റവും ആര്‍ദ്രമായ പ്രദേശമായി അറിയപ്പെടുന്നതുമായ ഒരുയിടമാണ്! ഏകദേശം 1,400 മീറ്റര്‍ (4,600 അടി) ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ചിറാപുഞ്ചിയില്‍ നിന്ന് 15 കിലോമീറ്റര്‍ പടിഞ്ഞാറ് ഖാസി കുന്നുകളിലാണ് സ്ഥിതി ചെയ്യുന്നത്. 1985-ല്‍, ഈ മനോഹരമായ നഗരത്തില്‍ 26000 മില്ലിമീറ്റര്‍ മഴ ലഭിച്ചതിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയിരുന്നു. കൂടാതെ, ഈ സ്ഥലം വളരെ സ്വപ്നതുല്യവും മനോഹരവും എല്ലാ അര്‍ത്ഥത്തിലും ആകര്‍ഷകവുമാണ്.

ഭൂമിയിലെ ഏറ്റവും ദുരൂഹതയുള്ള സ്ഥലങ്ങളിലൊന്നാണ് രാജസ്ഥാനിലെ ഭാന്‍ഗര്‍ എന്ന ഈ ഉപേക്ഷിക്കപ്പെട്ട പട്ടണം എന്ന് വിശ്വസിക്കപ്പെടുന്നു. ഐതിഹ്യങ്ങളും റിപ്പോര്‍ട്ടുചെയ്ത വിവരണങ്ങളും അനുസരിച്ച്, ഈ സ്ഥലം പ്രേത കഥകളും വിചിത്രമായ സംഭവങ്ങളും നിറഞ്ഞതാണ്. അതിനാല്‍ ‘സൂര്യന്‍ ഉദിക്കുന്നതിന് മുന്‍പും സൂര്യന്‍ അസ്തമിച്ചതിനു ശേഷവും ഭാന്‍ഗറിനുള്ളില്‍ പ്രവേശിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു’ എന്ന് സര്‍ക്കാര്‍ തന്നെ അറിയിച്ചിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ട് വരെ പ്രശസ്തിയില്‍ കഴിഞ്ഞ ഈ നഗരം ഇപ്പോള്‍ ഒരു ചരിത്രവശിഷ്ടമാണ്. നശിച്ചുതുടങ്ങിയ കോട്ടകളുടെയും, കൊട്ടാരങ്ങളുടെയും, വീടുകളുടെയും, വ്യാപാരശാലകളുടെയും ബാക്കിപത്രങ്ങളുമായി നില്‍ക്കുകയാണിപ്പോള്‍ ഈ സ്ഥലം.