India

റെയിൽവെ ട്രാക്കിൽ ബ്ലൂടൂത്ത് ഇയർഫോൺ വീണു, തിരയുന്നതിനിടെ വിദ്യാർത്ഥി ട്രെയിനിടിച്ച് മരിച്ചു | student hit by train

കോളേജ് സമയം കഴിഞ്ഞ് കാറ്ററിങ് ജോലികൾക്ക് പോയിരുന്ന രാജഗോപാൽ വെള്ളിയാഴ്ച വൈകുന്നേരം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

ചെന്നൈ: റെയിൽവെ ട്രാക്കിൽ വീണുപോയ ബ്ലൂടൂത്ത് ഇയർ ഫോൺ തിരയുന്നിതിനിടെ വിദ്യാർത്ഥി ട്രെയിനിടിച്ച് മരിച്ചു. ചെന്നൈ കോടമ്പാക്കം റെയിൽവെ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. നന്ദനത്തെ ഗവ. ആർട്സ് കോളേജിൽ രണ്ടാം വ‍ർഷ ബിരുദ വിദ്യാർത്ഥിയായ രാജഗോപാൽ (19) ആണ് മരിച്ചത്.

വില്ലുപുരം ജില്ലയിലെ ചിന്നസേലത്തിന് സമീപം പുതുസൊരത്തൂർ സ്വദേശിയായ രാജഗോപാൽ സെയ്ദാപേട്ടിലെ സർക്കാർ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്നു. കോളേജ് സമയം കഴിഞ്ഞ് കാറ്ററിങ് ജോലികൾക്ക് പോയിരുന്ന രാജഗോപാൽ വെള്ളിയാഴ്ച വൈകുന്നേരം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

ട്രെയിൻ യാത്രയ്ക്കിടെ ബ്ലൂടൂത്ത് ഇയർഫോൺ ട്രാക്കിൽ വീണുപോയി. തുടർന്ന് കോടമ്പാക്കം സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ട്രാക്കിലൂടെ നടന്ന് ഇയർ ഫോൺ തിരയുന്നതിനിടെ താംബരത്തു നിന്ന് വരികയായിരുന്ന സബർബൻ ട്രെയിൻ യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ട്രെയിനിടിച്ച് ഗുരുതരമായി പരിക്കേറ്റ രാജഗോപാലിനെ റെയിൽവെ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

content highlight : 19-year-old-college-student-hit-by-train-while-searching-for-lost-bluetooth-earphone-in-the-railway-track