വയനാട് മാനന്തവാടിയിലെ ആളെക്കൊല്ലി കടുവയെ കണ്ടെത്താനുള്ള ദൗത്യം ഇന്നും തുടരും. ഇന്നലെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയോടെയാകും ഇന്നത്തെ ദൗത്യം. മുത്തങ്ങയിൽ നിന്നുള്ള കുങ്കിയാനകളും തിരച്ചിലിന്റെ ഭാഗമാകും. കടുവാ ഭീതി ഉയർന്നതോടെ പഞ്ചാരക്കൊല്ലി മേഖലയിൽ കർഫ്യൂ ഏർപ്പെടുത്തി. കർഫ്യൂ ഉള്ള സ്ഥലങ്ങളിലേക്ക് യാത്രാ വിലക്ക് ഉണ്ട്. 48 മണിക്കൂർ നേരത്തേക്ക് ജനങ്ങൾ പുറത്തിറങ്ങരുത് കടകൾ അടച്ചിടണം എന്നിങ്ങനെയാണ് നിർദേശം. പരീക്ഷയ്ക്ക് പോകേണ്ട വിദ്യാർഥികൾക്കായി പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തും.
പഞ്ചാരക്കൊല്ലിയിൽ വെള്ളിയാഴ്ചയാണ് തോട്ടം തൊഴിലാളിയായ രാധയെ കടുവ കൊന്നത്. കടുവയെ പിടിക്കാനായില്ലെങ്കിൽ വെടിവച്ചുകൊല്ലാമെന്ന് ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പകൽ മുഴവനും കടുവയെ പിടികൂടാനുള്ള ദൗത്യം നടത്തിയിരുന്നു. അതിനിടെ കടുവ ജനവാസ മേഖലയിൽ എത്തിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. കടുവയുടെ ആക്രമണത്തിൽനിന്ന് ബീറ്റ് ഫോറസ്റ്റ് ഓഫിസർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പിന്നിൽനിന്നു പാഞ്ഞെത്തി അടിച്ചുവീഴ്ത്തിയ കടുവ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജയസൂര്യയുടെ മുകളിലേക്ക് വീണെങ്കിലും സാരമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
എൺപതിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയക്കായി തിരച്ചിൽ നടത്തുന്നത്. കടുവയെ കണ്ടെത്തുന്നതിനായി കുങ്കിയാനയായ വിക്രമിനെ ഇന്നലെ പതിനൊന്നു മണിയോടെ എത്തിച്ചു. ബീറ്റ് ഓഫിസറെ ആക്രമിച്ചതോടെ കടുവയെ എത്രയും പെട്ടന്ന് പിടികൂടാനുള്ള നീക്കത്തിലാണ് വനംവകുപ്പ്.