സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം ഇന്ന് മുതൽ തുടങ്ങും. വേതന പരിഷ്കരണം ആവശ്യപ്പെട്ടാണ് വ്യാപാരികൾ സമരം നടത്തുന്നത്. സമരം നടക്കുന്നത് റേഷൻ വ്യാപാരി കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്. കോർഡിനേഷൻ കമ്മിറ്റി നേതാക്കളുമായി സംസ്ഥാന സർക്കാർ രണ്ടുവട്ടം നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെയാണ് സംഘടനാ ഭാരവാഹികളും വ്യാപാരികളും സമരത്തിലേക്ക് നീങ്ങാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഇതോടെ ഇന്ന് മുതൽ കേരളത്തിലെ 14,000ത്തോളം റേഷൻ കടകൾ അടഞ്ഞുകിടക്കും, റേഷൻ വിതരണം പ്രതിസന്ധിയിലാകും.
ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാം പക്ഷെ ശമ്പളം വർധിപ്പിക്കാനാവില്ലെന്നാണ് ചർച്ചകളിൽ സർക്കാർ സ്വീകരിച്ച നിലപാട്. ശമ്പളം വർധിപ്പിക്കലാണ് പ്രധാന ആവശ്യമെന്ന് വ്യക്തമാക്കിയ റേഷൻ വ്യാപാരികൾ സർക്കാർ കടുത്ത പ്രതിസന്ധിയിലാണെന്ന ധനമന്ത്രിയുടെ നീതികരണം തള്ളിക്കളഞ്ഞു.
റേഷൻ വ്യാപരികൾ ഉയർത്തിയ ആവശ്യങ്ങളോട് സംസ്ഥാന സർക്കാരിന് നിഷേധാത്മക നിലപാട് ആണെന്ന് റേഷൻ വ്യാപാരി സമരസമിതി കോർഡിനേഷൻ ജനറൽ കൺവീണർ ജോണി നെല്ലൂർ പറഞ്ഞിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ സമരം ചെയ്യണം എന്ന് വ്യാപാരികൾ ആഗ്രഹിച്ചിട്ടില്ല. നിലവിലെ വേതനം കൊണ്ട് ജീവിക്കാൻ കഴിയാതെ വന്നതോടെയാണ് റേഷൻ വ്യാപാരികൾ കട അടച്ചു സമരം ചെയ്യുന്നതൊന്നും ജോണി നെല്ലൂർ വ്യക്തമാക്കിയിരുന്നു.ശമ്പള പരിഷ്കരണം നടപ്പാക്കാനാകില്ലെന്ന് തീർത്തുപറഞ്ഞ സർക്കാരിനെ ശക്തമായ സമരത്തിലൂടെ സമ്മർദ്ദത്തിലാക്കാനാണ് റേഷൻ വ്യാപാരികളുടെ നീക്കം.
റേഷൻ വിതരണക്കാരുടെ സമരം മൂലം ഈ മാസം റേഷൻ വിതരണം നേരത്തെ തന്നെ തടസ്സപ്പെട്ടിരുന്നു. ജനുവരിയിൽ ഇതുവരെ 62.67% കാർഡ് ഉടമകൾ റേഷൻ വാങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. കടയടപ്പ് സമരത്തോടെ റേഷൻ വിതരണം സ്തംഭിക്കും. സമരത്തെ മറികടക്കാനുള്ള വഴികൾ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്.