സംസ്ഥാനത്ത് മദ്യത്തിന്റെ കൂട്ടിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ. സ്പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇതിനുപിന്നാലെയാണ് ശരാശരി 10% ഒരു കുപ്പിക്ക് വിലവർധിപ്പിക്കാൻ തീരുമാനിച്ചത്. ബെവ്കോയാണ് തീരുമാനമെടുത്തത്. ചില ബ്രാൻ്റ് മദ്യത്തിന് മാത്രമാണ് വില വർധന. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കി. 1500 രൂപയ്‌ക്ക് മുകളിലുള്ള ബ്രാൻഡഡ് വിദേശ മദ്യത്തിന് 100 രൂപയ്‌ക്ക് മുകളില്‍ വര്‍ധനവ് ഉണ്ടാകും. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്കാണ് വില വർധിക്കുന്നത്.
ബെവ്കോയുടെ നിയന്ത്രണത്തിൽ ഉൽപാദിപ്പിച്ചു വിൽക്കുന്ന ജവാൻ റമ്മിനും വില കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് 650 രൂപയായി. ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വില വർധിപ്പിച്ചിട്ടുണ്ട്. ബിയറുകൾക്ക് 20 രൂപ വരെ വില കൂടി. പ്രീമിയം ബ്രാൻ്റികൾക്ക് 130 രൂപ വരെ കൂടിയിട്ടുണ്ട്. എഥനോൾ വില കൂടിയതാണ് മദ്യ വില കൂടാൻ കാരണമായി പറയുന്നത്. പാലക്കാട് എലപ്പുള്ളിയിൽ മദ്യ നിർമ്മാണ പ്ലാൻ്റ് വിവാദം കത്തിനിൽക്കെയാണ് തീരുമാനം. പാലക്കാട് ബ്രൂവറി തുടങ്ങി എഥനോൾ ഉൽപ്പാദിപ്പിക്കാനായാൽ സംസ്ഥാനത്ത് മദ്യവിലയിലും ഇത് പ്രതിഫലിക്കുമെന്നാണ് സർക്കാരിൻ്റെ വാദം.
കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മദ്യത്തിന് വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ രംഗത്തുവന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബെവ്കോ എംഡി എക്സൈസ് മന്ത്രി എംബി രാജേഷിന് കത്തയച്ചിരുന്നു. ഇതിനുപിന്നാലെ നടത്തിയ ചര്‍ച്ചയിലാണ് മദ്യത്തിന്‍റെ വില കൂട്ടാൻ തീരുമാനമായത്.