സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. സി.എൻ.മോഹനൻ ജില്ലാ സെക്രട്ടറിയായി തുടരാനാണ് സാധ്യത. അതേസമയം എട്ട് പുതുമുഖങ്ങൾ എങ്കിലും ജില്ലാ കമ്മിറ്റിയിലേക്ക് എത്തിയേക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ലക്ഷം പേർ അണിനിരക്കുന്ന ബഹുജന റാലി , പൊതുസമ്മേളനം എന്നിവയോടെ സമ്മേളനം സമാപിക്കും. പതിനയ്യായിരം ചുവപ്പു സേനാംഗങ്ങൾ അണിനിരക്കുന്ന മാർച്ചും നടക്കും.
ഇന്നലെ നടന്ന ജില്ലാ സമ്മേളന ചര്‍ച്ചയില്‍ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് എതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. പല പൊലീസ് സ്റ്റേഷനുകളും ബിജെപിക്കാരുടെ കൈയിലെന്നും പാര്‍ട്ടിക്കാര്‍ക്ക് പൊലീസ് മര്‍ദ്ദനമേല്‍ക്കേണ്ട സാഹചര്യമാണ് നിലവിലെന്നും വിമര്‍ശനമുണ്ട്. വനം മന്ത്രിയെയും സമ്മേളന പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പൊലീസ് ഇടത് സര്‍ക്കാരിന്റെ മുഖം വികൃതമാക്കുന്നു എന്ന രൂക്ഷ വിമര്‍ശനവുമുണ്ട്. പൊലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ എത്തുന്ന പാര്‍ട്ടിക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ട സാഹചര്യമാണ്. സ്റ്റേഷന്‍ ഓഫീസര്‍മാര്‍ പലരും ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നു. പൊലീസിനെ അഴിച്ചു വിടരുതെന്നും സമ്മേളന പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാമെന്നും പൊലീസ് ഭീകരത എന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും നേതൃത്വം വിമര്‍ശനത്തിനു മറുപടി നല്‍കി. മന്ത്രി പി.രാജീവിന്റെ പ്രവർത്തന ശൈലിക്കും വിമർശനം ഉണ്ടായിരുന്നു.
വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ വനം വകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ല, നഷ്ടപരിഹാര ചെക്ക് ഒപ്പിടാന്‍ മാത്രം ഒരു വനമന്ത്രി എന്തിനാണെന്ന് സിപിഐഎം സമ്മേളന പ്രതിനിധികള്‍ ചോദിച്ചു. വീഴ്ച വനം വകുപ്പിന് ആണെങ്കിലും മലയോരമേഖലകളില്‍ പ്രതിഷേധം പാര്‍ട്ടിക്കെതിരെ ആണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓര്‍മ്മപ്പെടുത്തി.