നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചതിനെ ചോദ്യം ചെയ്ത് കേരളം നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫ് കണ്‍വീനറും നിയമസഭാംഗവുമായ ടി.പി.രാമകൃഷ്ണനും നല്കിയ രണ്ട് ഹർജികളാണ് കോടതിക്ക് മുമ്പാകെയുള്ളത്. ഈ രണ്ട് ഹർജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗം ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സംസ്ഥാന നിയമ നിര്‍മ്മാണ സഭ പാസാക്കിയ ഏഴ് ബില്ലുകളിലാണ് ഇനിയും ഗവര്‍ണറോ രാഷ്ട്രപതിയോ തീരുമാനമെടുക്കേണ്ടത്. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബില്ലുകള്‍ ആണ് ഗവര്‍ണ തടഞ്ഞുവയക്കുകയും രാഷ്ടപതിക്ക് കൈമാറുകയും ചെയ്തത് എന്നാണ് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രപതിയുടെ പരിശോധന ആവശ്യമില്ലാത്ത ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കൈമാറിയത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഗവർണറുടെ നടപടിക്ക് ആധാരമായ രേഖകള്‍ വിളിച്ചുവരുത്തണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
രാഷ്ട്രപതി ഈ ബില്ലിൽ തീരുമാനം അനന്തമായി വൈകിപ്പിക്കുന്നതിന് എതിരെ കൂടിയാണ് സംസ്ഥാനം കോടതിയെ സമീപിച്ചത്. ഭരണഘടനാപരമായി തെറ്റായ കീഴ്വഴക്കമാണെന്നാണു സംസ്ഥാനം ഹർജിയിൽ പറഞ്ഞിരിക്കുന്നത്. കാരണമില്ലാതെ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടിയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. ഭരണഘടനാപരമായ പ്രശ്നങ്ങൾ തോന്നുകയാണെങ്കിൽ ഗവർണർക്ക് ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാം. എന്നാൽ ഇത്തവണ രാഷ്ട്രപതിക്ക് അയച്ചതിൽ കാരണം വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രപതിയുടെ അനുമതി ആവശ്യമുള്ള പ്രത്യേക വിഭാഗങ്ങളിൽ പെടുന്നതല്ല ഈ ബില്ലുകൾ എന്നാണ് സർക്കാർ നിലപാട്.