വയനാട് പഞ്ചാരക്കൊല്ലിയിൽ ആശങ്ക പരത്തിയ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ദൗത്യ സംഘമാണ് പിലാക്കാവിൽ നിന്ന് ജഡം കണ്ടെത്തിയത്. ഇന്നലെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയോടെ ഇന്ന് ദൗത്യം പുരോഗമിക്കുന്നതിനിടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. എങ്ങനെയാണ് കടുവ ചത്തത് എന്നതിൽ വ്യക്തതയില്ല. കടുവയുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ട്. കടുവയെ പ്രിയദർശിനി എസ്റ്റേറ്റിലേക്ക് ദൗത്യ സംഘം മാറ്റി. ആളെക്കൊല്ലി കടുവ തന്നെയാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പഞ്ചാരക്കൊല്ലിയിൽ വെള്ളിയാഴ്ചയാണ് തോട്ടം തൊഴിലാളിയായ രാധയെ കടുവ കൊന്നത്. കടുവയെ പിടിക്കാനായില്ലെങ്കിൽ വെടിവച്ചുകൊല്ലാമെന്ന് ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പകൽ മുഴവനും കടുവയെ പിടികൂടാനുള്ള ദൗത്യം നടത്തിയിരുന്നു. അതിനിടെ കടുവ ജനവാസ മേഖലയിൽ എത്തിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ഇതിന് പിന്നാലെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ ആക്രമണത്തിൽനിന്ന് ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഇന്നലെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. പിന്നിൽനിന്നു പാഞ്ഞെത്തി അടിച്ചുവീഴ്ത്തിയ കടുവ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജയസൂര്യയുടെ മുകളിലേക്ക് വീണെങ്കിലും സാരമായ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഈ ആക്രമണത്തിന്റെ സമയം കടുവയ്ക്ക് നേരെ ദൗത്യ സംഘം വെടിയുതിർത്തിരുന്നു. ഈ വെടിയേറ്റതാകാം കടുവ ചാവാൻ ഉള്ള കാരണമെന്നാണ് ദൗത്യ സംഘത്തിന്റെ പ്രാഥമിക നിഗമനം.
കടുവയ്ക്കായി തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കടുവാ ഭീതി ഉയർന്നതോടെ പഞ്ചാരക്കൊല്ലി മേഖലയിൽ കർഫ്യൂ ഏർപ്പെടുത്തുന്ന സാഹചര്യം വരെയുണ്ടായിരുന്നു. കടുവ ചത്തത് വളരെ ആശ്വാസകരമായ കാര്യമാണെന്ന് പ്രദേശവാസികളും പ്രതികരിച്ചു.