നടി ഹണി റോസിന്റെ പരാതിയില്‍ മുൻകൂർ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതിയില്‍ കേസ് എടുക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ നിലപാട് എടുത്തത്. പരാതി പ്രകാരം കേസെടുക്കാനുളള വകുപ്പുകളില്ലെന്നും വിശദമായ നിയമോപദേശം തേടുമെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. പൊലീസ് നിലപാട് കൂടി കണക്കിലെടുത്ത് ഹര്‍ജിയില്‍ അന്തിമ തീരുമാനം ഇന്ന് കോടതിയില്‍ നിന്ന് ഉണ്ടായേക്കും.
നേരത്തേ രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അറസ്റ്റ് തടഞ്ഞില്ല. പകരം കേസ് 27-ലേക്ക് മാറ്റുകയാണ് ഹൈക്കോടതി ചെയ്തത്. ഹണി റോസിന് പുറമെ തൃശൂര്‍ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു. തനിക്കെതിരായ കേസ് സ്വയം വാദിക്കുമെന്ന് അന്ന് രാഹുല്‍ പറഞ്ഞിരുന്നു.
അറസ്റ്റ് സാധ്യത മുന്നിൽക്കണ്ടാണ് രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ചാനലുകളിൽ തന്റെ അഭിപ്രായം പറയുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും വിമർശിക്കാനുള്ള അവകാശം വ്യക്തിക്കുണ്ടെന്നും ആരെയും അധിക്ഷേപിക്കാൻ ഉദ്ദേശ്യമില്ലെന്നും ജാമ്യാപേക്ഷയിൽ രാഹുൽ പറഞ്ഞു.
നേരിടുന്ന അധിക്ഷേപം സധൈര്യം തുറന്നു പറയുകയും നിയമപരമായി നേരിടാന്‍ തയ്യാറായി മുന്നോട്ടു വരികയും ചെയ്യുന്ന സത്രീകള്‍ക്ക് രാഹുല്‍ ഈശ്വര്‍ ഉന്നയിക്കുന്നതുപോലെയുള്ള വാദങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദത്തിന് കാരണമാകുന്നതായും യുവജന കമ്മിഷന്‍ ഈ വിഷയത്തിൽ നിലപാട് എടുത്തിരുന്നു. പരാതിയില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകും. സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയെന്നും അധ്യക്ഷന്‍ പറഞ്ഞു. അതിജീവിതകളെ അവഹേളിക്കുന്ന തരത്തിലുള്ള വാദങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് ഇത്തരം വേദികളില്‍ സ്ഥാനം നല്‍കരുതെന്ന കാര്യം പരിഗണിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.