India

സുഭാഷ് ചന്ദ്ര ബോസിന്‍റെ മരണത്തീയതി പരാമർശം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ മരണ തീയതി പരാമര്‍ശിച്ചതിന് രാഹുല്‍ ഗാന്ധിക്കെതിരെ കൊൽക്കത്ത പൊലീസ് കേസെടുത്തു. ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിലാണ് തെക്കന്‍ കൊല്‍ക്കത്തയിലെ ഭവാനീപൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തത്. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് രാഹുൽ ​ഗാന്ധി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്‍റെ മരണ തീയതി പരാമർശിച്ചത്. ജനുവരി 23നാണ് സുഭാഷ് ചന്ദ്ര ബോസിന്റ ജന്മദിനം. ഈ ദിവസം രാഹുല്‍ ഗാന്ധി സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിന്റെ കൂടെയുള്ള പോസ്റ്ററില്‍ നേതാജിയുടെ മരണ തീയതിയായി 1945 ഓഗസ്റ്റ് 18 എന്ന് കുറിച്ചിരുന്നു.

രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. സുഭാഷ് ചന്ദ്ര ബോസിന്‍റെ ജനന തീയതി അറിയാമെങ്കിലും മരണ തീയതി ആര്‍ക്കും അറിയില്ലെന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം. നേതാജിയുടെ മരണത്തിലെ ദുരൂഹത കോൺഗ്രസ് എക്കാലവും മൂടിവെക്കുകയാണെന്നായിരുന്നു തൃണമൂൽ കോൺ​ഗ്രസ് നേതാവ് കുനാൽ ഘോഷിന്‍റെ ആരോപണം. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹമായ കാര്യങ്ങളും കോൺഗ്രസ് മൂടിവയ്ക്കുകയാണ്. നേതാജി എവിടെയായിരുന്നുവെന്നോ ഇപ്പോൾ എവിടെയാണെന്നോ ഉള്ള കാര്യം കോൺ​ഗ്രസ് മറച്ചുവെച്ചു. എന്നാൽ, രാഹുൽ ​ഗാന്ധി നേതാജിയുടെ മരണ തീയതി പ്രഖ്യാപിച്ചിരിക്കുകയാണെന്നും രാഹുൽ ക്ഷമാപണം നടത്തി പോസ്റ്റ് തിരുത്തണമെന്നും കുനാൽ ഘോഷ് ആവശ്യപ്പെട്ടു. സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സങ്കടം എക്കാലവും നിലനില്‍ക്കുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു.

രാഹുൽ ഗാന്ധി സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തീയതിയായി പങ്കുവച്ച ഓഗസ്റ്റ് 18നാണ് നേതാജിയുമായി വിയറ്റ്നാമിലെ ടുറെയ്നിൽനിന്നു പുറപ്പെട്ട വിമാനം തായ്പേയിലെ തയ്ഹോക്കു വിമാനത്താവളത്തിൽനിന്ന് ഇന്ധനം നിറച്ച് പറന്നുയപവേ തകർന്നു വീണെന്ന് പറയപ്പെടുന്നത്.