സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ മർദിച്ചെന്ന പരാതിയിൽ പോലീസുകാരനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. പരാതിക്കാരന് ഒപ്പം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ മർദിച്ചെന്നായിരുന്നു സിപിഎം ഏരിയാ കമ്മിറ്റി അംഗം ടി.രാജേഷ് കുമാറിന്റെ പരാതി. ഇന്നലെ പരാതി ഉയർന്നതിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയിൽ പോലീസ് ഉദ്യോഗസ്ഥൻ രഘുകുമാർ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. സിപിഎം ഏരിയാ കമ്മിറ്റിയംഗം ടി.രാജേഷ് കുമാറിനാണ് മർദ്ദനമേറ്റത്. ഒരു പരാതിക്കാരനൊപ്പമാണ് രാജേഷ് കോന്നി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിക്കാരൻ പൊലീസ് ജീപ്പിന് മുകളിൽ വെച്ച് പരാതി എഴുതിയതാണ് രഘുകുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ഇതേത്തുടർന്നാണ് രഘുകുമാർ ഇരുവർക്കും നേരെ തിരിഞ്ഞത്. പിന്നാലെ രാജേഷ് കുമാർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും രഘുകുമാറിനെതിരെ പരാതി നൽകുകയുമായിരുന്നു.