Kerala

മദ്യവില വർധനയ്ക്കെതിരെ പ്രതിപക്ഷം; ദുരൂഹതയുണ്ടെന്ന് വി.ഡി.സതീശൻ

സംസ്ഥാനത്തെ മദ്യവില വർധനയിൽ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിന് വേണ്ടി മദ്യ വില വര്‍ധിപ്പിച്ചത് ദുരൂഹമാണെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. സുതാര്യതയില്ലാത്ത തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു. വില വര്‍ധിപ്പിച്ച മദ്യത്തിന്റെ പട്ടികയില്‍ മദ്യ നിര്‍മ്മാണ കമ്പനി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ രഹസ്യമായി അനുമതി നല്‍കിയ ഒയാസിസ് കമ്പനിയുടെ വിവിധ ബ്രാന്‍ഡുകളും ഉള്‍പ്പെട്ടിട്ടുണ്ട്. മദ്യ നിര്‍മ്മാണ കമ്പനിക്ക് അനുമതി നല്‍കിയതിന് പിന്നാലെ മദ്യ കമ്പനികള്‍ക്കു വേണ്ടി വില വര്‍ധിപ്പിച്ചുള്ള സര്‍ക്കാര്‍ തീരുമാനം സംശയകരമാണ്. മദ്യ ഉപഭോക്താക്കളെ ചൂഷണം ചെയ്ത് മദ്യകമ്പനികള്‍ക്ക് ലഭം ഉണ്ടാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.

അതേസമയം ഉയർത്തിയ മദ്യവില ഇന്ന് മുതൽ പ്രാബല്യത്തിലായി. സ്പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇതിനുപിന്നാലെയാണ് ശരാശരി 10% ഒരു കുപ്പിക്ക് വിലവർധിപ്പിക്കാൻ തീരുമാനിച്ചത്. ബെവ്കോയാണ് തീരുമാനമെടുത്തത്. ചില ബ്രാൻ്റ് മദ്യത്തിന് മാത്രമാണ് വില വർധന. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കി. 1500 രൂപയ്‌ക്ക് മുകളിലുള്ള ബ്രാൻഡഡ് വിദേശ മദ്യത്തിന് 100 രൂപയ്‌ക്ക് മുകളില്‍ വര്‍ധനവ് ഉണ്ടാകും. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്കാണ് വില വർധിക്കുന്നത്.

എഥനോൾ വില കൂടിയതാണ് മദ്യ വില കൂടാൻ കാരണമായി പറയുന്നത്. പാലക്കാട് എലപ്പുള്ളിയിൽ മദ്യ നി‍ർമ്മാണ പ്ലാൻ്റ് വിവാദം കത്തിനിൽക്കെയാണ് തീരുമാനം. പാലക്കാട് ബ്രൂവറി തുടങ്ങി എഥനോൾ ഉൽപ്പാദിപ്പിക്കാനായാൽ സംസ്ഥാനത്ത് മദ്യവിലയിലും ഇത് പ്രതിഫലിക്കുമെന്നാണ് സർക്കാരിൻ്റെ വാദം.