ഭാഷയുടെയും സംസ്കാരത്തിന്റെയും വസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ഒക്കെ വൈവിധ്യങ്ങളെ ഏകോപിപ്പിച്ച് ശക്തമായ ജനാധിപത്യ രാഷ്ട്രമായി ഭാരതത്തെ നിലനിർത്തുന്ന ഭരണഘടനയാണ് നമുക്കുള്ളതെന്ന് 75-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം കോടതി അങ്കണത്തിൽ നടന്ന ആഘോഷ പരിപാടിയിൽ റിപ്പബ്ലിക് സന്ദേശം നൽകിയ കൊല്ലം ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ ഓച്ചിറ എൻ. അനിൽകുമാർ അഭിപ്രായപ്പെട്ടു.
വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അത് ഉൾക്കൊള്ളാൻ കഴിയുന്ന സംവിധാനവും ഇന്ന് നമുക്ക് രാജ്യത്ത് ഉണ്ട്. നമ്മുടെ ഭരണഘടന വിവിധ വെല്ലുവിളികൾ നേരിടുമ്പോഴും ഇന്ത്യയിലെ കോടതികളും ജനതയും അതിൻ്റെ കാവലാളുകളായി മാറുകയാണ്.
കൊല്ലം ജില്ലാ കോടതി അങ്കണത്തിൽ ഇന്ന് രാവിലെ കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജ് ശ്രീ പി.എൻ. വിനോദ് ദേശീയ പതാക ഉയർത്തി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീമതി കെ.വി.നയന, ജില്ലാ സർക്കാർ വക്കീൽ അഡ്വ സിസിൻ. ജി മുണ്ടക്കൽ, ജില്ലാ കോടതി ശിരസ്തദാർ ശ്രീ കെ.കെ.മനോജ്, കൊല്ലം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ എ.കെ.മനോജ് എന്നിവർ ആശംസകൾ നേർന്നു.