കാസർകോട്: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിന് മൂന്നുമാസം തികയുമ്പോഴും മരിച്ച രണ്ടുപേരുടെ ആശ്രിതർക്ക് ഇതുവരെയും സർക്കാർ ധനസഹായം ലഭിച്ചില്ല. കിണാവൂരിലെ രജിത്ത്, നീലേശ്വരം തേർവയലിലെ പത്മനാഭൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് ഇതുവരെയും ധനസഹായം ലഭിക്കാത്തത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിക്ക് ഒന്നര കോടി രൂപയും മരിച്ച രണ്ട് പേരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതവും അപകട സമയത്ത് സർവീസ് നടത്തിയ ആംബുലൻസുകൾക്കുള്ള പണവും നൽകാനുണ്ട്. ചികിത്സാ ചെലവിനത്തിലെ ബിൽ കുടിശിക ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രി കാസർകോട് എംപിയെ സമീപിച്ചു.
ഒക്ടോബര്‍ 29 നാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ വെടിക്കെട്ട് അപകടം ഉണ്ടായത്. ആറ് പേര്‍ അപകടത്തിൽ മരിച്ചു. 148 പേര്‍ക്ക് പൊള്ളലേറ്റു. ഈ സംഭവത്തിന് പിന്നാലെ സർക്കാർ മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിക്കുകയും പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ചികിത്സാ ചെലവായി കര്‍ണാടകത്തിലേയും കേരളത്തിലേയും ആശുപത്രികളിൽ മൂന്ന് കോടിയിലേറെ രൂപ സംസ്ഥാനം നൽകാനുണ്ട്.
ഇതിൽ മംഗളൂരുവിലെ എജെ ആശുപത്രിയിൽ മാത്രം 1.56 കോടി രൂപ സർക്കാർ നൽകാനുണ്ട്. ഈ തുക ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് ആശുപത്രി അധികൃതര്‍ തുടർച്ചയായി കത്തയച്ചിട്ടും നടപടിയുണ്ടായില്ല. ഇതിന് പിന്നാലെയാണ് ബില്‍ കുടിശിക ലഭിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനെ ആശുപത്രി അധികൃതര്‍ സമീപിച്ചത്. അപകടത്തിൽ മരിച്ച കെവി രഞ്ജിത്ത്, പത്മനാഭന്‍ എന്നിവരുടെ ആശ്രിതർക്കും സർക്കാർ പ്രഖ്യാപിച്ച നാല് ലക്ഷം രൂപ ധനസഹായം ലഭിച്ചിട്ടില്ല. ഇതോടൊപ്പം അപകട സമയത്ത് സർവീസ് നടത്തിയ 25 ആംബുലൻസുകൾക്കും പണം ലഭിക്കാനുണ്ട്.
CONTENT HIGHLIGHT: nileshwar fire works accident kerala govt yet to pay money