Kerala

സന്ദീപ് വാര്യർ ഇനി കോൺ​ഗ്രസ് വക്താവ്; പട്ടികയിൽ ഉൾപ്പെടുത്തി കെ സുധാകരൻ | sandeep warrier is now the congress spokesperson

കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഇനി ചാനൽ ച‍ർച്ചകളിൽ സന്ദീപ് വാര്യർ പങ്കെടുക്കും

തിരുവനന്തപുരം: ബിജെപി വിട്ട്‌ കോൺഗ്രസിലെത്തിയ സന്ദീപ്‌ വാര്യരെ കെപിസിസി ഔ​ദ്യോ​ഗിക വക്താവായി നിയമിച്ചു. വക്താക്കളുടെ പട്ടികയിൽ സന്ദീപിനെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉൾപ്പെടുത്തി. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഇനി ചാനൽ ച‍ർച്ചകളിൽ സന്ദീപ് വാര്യർ പങ്കെടുക്കും.

അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇൻ ചാർജ്. അതേസമയം പാർട്ടി പുനഃസംഘടനയിൽ സന്ദീപ് വാര്യർക്ക് കൂടുതൽ പദവിയും പാർട്ടി നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ടെന്നാണ് വിവരം. പാലക്കാട് നഗരസഭയിൽ ഇന്നലെ വിമത യോഗം ചേർന്ന ബിജെപി കൗൺസിലർമാരെ കോൺഗ്രസിലെത്തിക്കാൻ നീക്കം നടത്തിയത് സന്ദീപ് വാര്യരുടെ കൂടെ നേതൃത്വത്തിലായിരുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനുമായുള്ള തർക്കത്തിൽ ഉടക്കിനിന്ന സന്ദീപ്‌ വാര്യരെ ജനറൽ സെക്രട്ടറി സ്ഥാനവും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വവും വാഗ്ദാനം ചെയ്‌താണ്‌ കോൺഗ്രസിലെത്തിച്ചത്‌.

പുനഃസംഘടനയിൽ സന്ദീപിനു കൂടുതൽ‌ സ്ഥാനം നൽകുമെന്നാണ് സൂചന. എന്നാൽ സന്ദീപിന്‌ എന്തുസ്ഥാനം നൽകണമെന്നതിൽ ഇനിയും ധാരണയായിട്ടില്ല. കടുത്ത മുസ്ലീംവിരുദ്ധ പരാമർശങ്ങളിലും രാഹുൽഗാന്ധിക്കെതിരെ നടത്തിയ വ്യക്തിപരമായ അധിക്ഷേപം പിൻവലിക്കുകയും ചെയ്യും മുന്നേ സന്ദീപിനെ സ്വീകരിച്ചതിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധമുണ്ടായിരുന്നു. ഇത്‌ തീരും മുമ്പാണ്‌ പുതിയ സ്ഥാനംകൂടി നൽകുന്നത്‌.