India

ഗ്രീക്ക് യുവതിയ്ക്ക് വരണമാല്യം ചാർത്തി ഇന്ത്യക്കാരൻ; വിവാഹിതരായത് മഹാകുംഭമേളയിൽ വച്ച് | greek woman marries indian man at mahakumbh mela

കൂടുതൽ ദൈവികവും ആത്മീയവുമാകണം വിവാഹം എന്ന് കരുതിയാണ് ഇവിടെ വച്ച് വിവാഹിതരായത് എന്നാണ് ദമ്പതികൾ പറയുന്നത്

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ നിരവധി സ്ഥലങ്ങളിൽ നിന്നാണ് ആളുകൾ എത്തുന്നത്. ഇപ്പോഴിതാ അവിടെ നടന്ന ഒരു വിവാഹ വാർത്തയാണ് പുറത്ത് വരുന്നത്. മഹാകുംഭമേളയിൽ ഇന്ത്യക്കാരനെയാണ് ഗ്രീക്ക് യുവതി വിവാഹം ചെയ്തത്. ഞായറാഴ്ചയാണ് പെനലോപ്പ് എന്ന ​ഗ്രീക്ക് യുവതി സിദ്ധാർത്ഥ് എന്ന ഇന്ത്യക്കാരനെ വിവാഹം കഴിച്ചത്.

മദ്യപിക്കാനും പാർട്ടി നടത്താനും ഒക്കെയുള്ള അവസരമായി വിവാഹത്തെ മാറ്റുന്നതിന് പകരം കൂടുതൽ ദൈവികവും ആത്മീയവുമാകണം വിവാഹം എന്ന് കരുതിയാണ് ഇവിടെ വച്ച് വിവാഹിതരായത് എന്നാണ് ദമ്പതികൾ പറയുന്നത്. ജുന അഖാരയിലെ മഹാമണ്ഡലേശ്വരൻ സ്വാമി യതീന്ദ്രാനന്ദ ഗിരിയുടെ നേതൃത്വത്തിലാണ് ‘കന്യാദാന’ ചടങ്ങ് നടത്തിയത്. യുവതിയുടെ അമ്മയും ബന്ധുക്കളും ഇവിടെ ഉണ്ടായിരുന്നു.

ഏതാനും വർഷം മുമ്പാണത്രെ യുവതി സനാതന ധർമ്മത്തിൻ്റെ പാത സ്വീകരിക്കുന്നത്. ഇവർ ശിവഭക്തയാണ്. സിദ്ധാർത്ഥും തങ്ങളുടെ ഭക്തനാണ് എന്നും യതീന്ദ്രാനന്ദ ഗിരി പറയുന്നു. അങ്ങനെയാണ് ഈ ചടങ്ങുകൾ ഇവിടെ നടന്നതെന്നും അദ്ദേഹം പറയുന്നു. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.

ഇന്ത്യയിൽ ഇങ്ങനെയൊരു സമയത്ത്, ഇങ്ങനെയൊരു അവസരത്തിൽ വിവാഹിതയാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇത് ആത്മീയമായ കാര്യമാണ് എന്നാണ് പെനലോപ്പ് പറയുന്നത്. നേരത്തെ ഒരിക്കൽ പോലും ഇന്ത്യൻ വിവാഹം കണ്ടിട്ടില്ലാത്ത താൻ ആ വിവാഹത്തിൽ വധുവായതിന്റെ ആശ്ചര്യവും സന്തോഷവും അവർ പ്രകടിപ്പിച്ചു. മറ്റൊരു സംസ്കാരത്തിന്റെ ഭാ​ഗമായി മാറുന്നത് തന്നെ സന്തോഷിപ്പിക്കുന്നു എന്നും അവർ പറയുന്നു. ‘വാക്കുകൾക്കപ്പുറത്തുള്ള മാന്ത്രികമായ അനുഭവം’ എന്നാണ് അവർ ഈ അനുഭവത്തെ കുറിച്ച് പറയുന്നത്.

തനതായ ഒരു വിവാഹം വേണം എന്നുണ്ടായിരുന്നു. ഇതിപ്പോൾ തികച്ചും ആത്മീയമായ ഒരു അനുഭവം കൂടി ആയി എന്നാണ് സിദ്ധാർത്ഥ് പറയുന്നത്. ലോകത്തിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള വിവിധതരം ആളുകൾ ഉള്ള സ്ഥലത്ത് നിന്നാണ് വിവാഹം നടന്നത് എന്നതും സിദ്ധാർത്ഥിനും പെനലോപ്പിനും ആഹ്ലാദം നൽകുന്ന കാര്യം തന്നെയാണ്.