ആലപ്പുഴ: അധ്യാപക നിയമനത്തിനായി മാനേജ്മെന്‍റ് കൈക്കൂലി വാങ്ങുന്നുവെന്ന് മുൻ മന്ത്രി ജി സുധാകരൻ. ജില്ലയിലെ രണ്ട് കോളേജുകളിൽ 40 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് നിയമനത്തിനായി കൈക്കൂലി വാങ്ങുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇത് തടയാൻ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‍സിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാരാണ് എയ്ഡഡ് സ്ഥാപനങ്ങളിൽ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നത്. എന്നിട്ടും അധ്യാപകരുടെ കൈയിൽ നിന്ന് കൈക്കൂലി വാങ്ങുകയാണിവരെന്നും സുധാകരൻ പറഞ്ഞു.
സർക്കാർ സംവിധാനം പോലെ രാഷ്ട്രീയത്തിലും റിട്ടയർമെന്റ് വേണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞതും വലിയ ചര്‍ച്ചയായി മാറിയിരുന്നു. കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ ധർണ ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താൻ 62 വർഷമായി പാർട്ടിയിലെന്നും ഇവിടെ പെൻഷനും ഗ്രാറ്റിവിറ്റിയുമൊന്നുമില്ലെന്നും അദ്ദേഹം പ്രംസഗത്തിൽ പറഞ്ഞു.
പ്രായപരിധി കഴിഞ്ഞവർ എങ്ങനെ ജീവിക്കുന്നു എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും സുധാകരൻ പറഞ്ഞു. ഭാര്യയ്ക്ക് പെൻഷൻ ഉള്ളത് കൊണ്ട് താൻ ജീവിച്ചു പോകുന്നു. എംഎൽഎ ആയിരുന്നത് കൊണ്ട് 35,000 രൂപ തനിക്ക് പെൻഷൻ കിട്ടും. ചികിൽസാ സഹായവും ഉണ്ട്. പക്ഷേ എല്ലാവരുടെയും കാര്യം അങ്ങനെയല്ലെന്ന് സുധാകരൻ പറഞ്ഞു.
സഹകരണ വകുപ്പ് ഏറ്റെടുക്കുമ്പോൾ എല്ലാം കൊള്ളയടിക്കപ്പെട്ട നിലയിലായിരുന്നു. പാവപ്പെട്ടവരെ സഹായിക്കാൻ പത്ത് പൈസയില്ലായിരുന്നു. വി എസ് സർക്കാർ പണം മുടക്കിയാണ് സഹകരണ മേഖലയെ സംരക്ഷിച്ചത്. പെൻഷൻ നൽകണം എന്ന് എഴുതിവെച്ചാൽ പോര, അത് നൽകണം. അങ്ങനെ ഉള്ള ഒരുപാട് മന്ത്രിമാർ ഉണ്ട്. ചില മന്ത്രിമാർ എല്ലാം തങ്ങളാണ് തുടങ്ങിയതെന്ന് പറയും അതെല്ലാം ശരിയാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.