Kerala

എന്തിന് വന്നാലും എച്ച്ഐവി പരിശോധന; ഫലം ലഭിച്ചാൽ മാത്രം പല്ല് വൃത്തിയാക്കൽ; ദന്തൽ കോളജിലെ പുതിയ പരിശോധനാ രീതി രോഗികളെ വലയ്ക്കുന്നതായി പരാതി | treatment only after hiv test

ഫലം സമയത്തിന് ലഭിച്ചില്ലെങ്കിൽ ചികിത്സയും വൈകുമെന്നു രോഗികൾ പരാതിപ്പെടുന്നു

തിരുവനന്തപുരം: ഒപിയിൽ ഒഴികെ ചികിത്സയ്ക്ക് എത്തുന്നവർ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി പരിശോധനകൾ നടത്തണമെന്ന് ദന്തൽ കോളജിൽ നിർദേശം. ഇതിനായി ആശുപത്രിയിൽ സംവിധാനം ഒരുക്കിയിട്ടുമുണ്ട്. പരിശോധനയ്ക്ക് 250 രൂപ നൽകണം. എന്നാൽ ഈ പുതിയ പരിശോധനാ രീതികൾ രോഗികളെ വലയ്ക്കുന്നതായിട്ടാണ് പരാതി.

ആശുപത്രിയിൽ എത്തുന്നവർക്ക് മഞ്ഞപ്പിത്തവും മറ്റ് രോഗങ്ങളും ഇല്ലന്ന് ഉറപ്പാക്കാനായി മുൻകരുതലിനാണ് പരിശോധനകളെന്ന് അധികൃതർ പറയുന്നു. പല്ല് വൃത്തിയാക്കൽ, പല്ലെടുക്കൽ, മോണ ചികിത്സ തുടങ്ങിയവയ്ക്ക് വിധേയരാകുന്നവരാണ് പരിശോധന നടത്തേണ്ടത്.

രോഗികളുടെ സുരക്ഷ മുൻനിർത്തിയാണ് സംവിധാനമെങ്കിലും പുതിയ രീതിയിലെ സമയക്രമം ചികിത്സക്കെത്തുന്നവരെ വലയ്ക്കുന്നു. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി വിശദമായ രക്തപരിശോധന നടത്താറുണ്ട്. ഇതിന് സമാനമായ രീതിയിലാണ് ദന്തല്‍ കോളജിലും പരിശോധന സംവിധാനം ഏർപ്പെടുത്തിയത്.

ദന്ത ചികിത്സയ്ക്ക് ശേഷം ഇതിന് വിധേയനായ ആളിന് മഞ്ഞപ്പിത്തമോ മറ്റു രോഗങ്ങളോ കണ്ടെത്തിയാൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയാണ് ലക്ഷ്യം. എന്നാൽ എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി പരിശോധനകളുടെ ഫലം ലഭിച്ചാൽ മാത്രമേ പല്ല് വൃത്തിയാക്കൽ, പല്ലെടുക്കൽ തുടങ്ങിയ ചികിത്സ നടത്തൂ. ഫലം സമയത്തിന് ലഭിച്ചില്ലെങ്കിൽ ചികിത്സയും വൈകുമെന്നു രോഗികൾ പരാതിപ്പെടുന്നു.