Kerala

‘ചെന്താമര ഒരു സൈക്കോ, എപ്പോഴും കയ്യിൽ കത്തി; ഇന്നും മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി’; നെൻമാറയിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതിയ്ക്കായി തിരച്ചിൽ ഊർജിതം | police search ongoing accused chenthamara

ചെന്താമരക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നതായി നാട്ടുകാരിലൊരാൾ പറഞ്ഞു

പാലക്കാട്: നെൻമാറയിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. നാല് ടീമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് ചെന്താമര അയല്‍വീട്ടിലെത്തി സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊല്ലുന്നത്. ദേഹമാസകലം വെട്ടേറ്റ നിലയിലായിരുന്നു ഇരുവരും. ലക്ഷ്മിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ സുധാകരന്‍ മരിച്ചതായാണ് വിവരം. സുധാകരന്റെ മൃതദേഹത്തിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. പ്രതിയെ പിടികൂടിയാല്‍ മാത്രമേ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാന്‍ അനുവദിക്കൂവെന്നായിരുന്നു നാട്ടുകാരുടെ നിലപാട്.

അതേ സമയം, പ്രതി ഇന്നും മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതി അരക്കമലയില്‍ ഉണ്ടെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.

സുധാകരന്‍റെ ഭാര്യ സജിതയെ 2019 ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ചെന്താമരക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നതായി നാട്ടുകാരിലൊരാൾ പറഞ്ഞു. ചെന്താമര ഒരു സൈക്കോയാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. ഇത്തരത്തിലൊരു ദുരന്തം പ്രതീക്ഷിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. കൊല്ലപ്പെട്ട സുധാകരന്റെ മൃതദേഹം സംഭവ സ്ഥലത്ത് എടുക്കാൻ സമ്മതിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചു. പ്രതിയെ പിടികൂടാതെ ബോഡി എടുക്കേണ്ടെന്ന നിലപാടിലാണ് നാട്ടുകാർ. ചെന്താമര ജാമ്യത്തിലിറങ്ങിയ സമയം മുതൽ നാട്ടുകാർ ഭീതിയിലായിരുന്നു.

ഇയാളുടെ ഭാര്യയും മകളും മറ്റൊരു ബന്ധുവീട്ടിലാണ് താമസിക്കുന്നത്. ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം സജിതയും കുടുംബവുമാണ് എന്ന ധാരണയിലാണ് ചെന്താമര സജിതയെ വെട്ടിക്കൊലപ്പടുത്തുന്നത്. രണ്ട് മാസം മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. എപ്പോഴും ഇയാളുടെ കയ്യിൽ കത്തി കാണുമായിരുന്നു എന്നും പ്രദേശവാസികള്‍ പറഞ്ഞു. അതേ സമയം ചെന്താമരക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും കൃത്യമായി ഇടപെട്ടിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.