Health

ചോറുണ്ണാനുള്ള ഏറ്റവും നല്ല സമയം എപ്പോഴാണ് ?

മലയാളികളുടെ ചോറിനോടുള്ള പ്രണയം വിശ്വപ്രസിദ്ധമാണ്. മറ്റെന്ത് കിട്ടിയാലും വീട്ടിലെ ഒരു പിടി ചോറുണ്ണുന്ന തൃപ്തി ഒന്ന് വേറെ തന്നെയെന്നാകും മിക്കവരുടേയും അഭിപ്രായം. അന്നജം കൂടുതലുള്ള ഭക്ഷണമായതിനാല്‍ പ്രമേഹമുള്ളവരും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരും ആദ്യം ഒഴിവാക്കാന്‍ പോകുന്നത് ചോറായിരിക്കും. മലയാളികള്‍ക്ക് ചോര്‍ ഒഴിവാക്കുക അത്ര എളുപ്പത്തില്‍ നടക്കുന്ന പണിയല്ല. വണ്ണം വയ്ക്കുമെന്ന് പേടിക്കാതെ ഏതെങ്കിലും ഒരു നേരമെങ്കിലും ഇത്തിരി ചോറുണ്ണാനാകുമോ? അങ്ങനെയെങ്കില്‍ ചോറുണ്ണാനുള്ള ഏറ്റവും നല്ല സമയം എപ്പോഴാണ്? പരിശോധിക്കാം.

ഇതിന് ഒറ്റവരിയില്‍ പറയാവുന്ന ഉത്തരം എപ്പോള്‍ വേണമെങ്കിലും കഴിക്കാമെന്നാണ്. നമ്മള്‍ പേടിയോടെ ചോറ് ഏതെങ്കിലും നേരത്ത് കഴിക്കുകയോ ഒഴിവാക്കുകയോ ചെയ്താല്‍ ആ സമയത്ത് കോര്‍ട്ടിസോള്‍ ലെവല്‍ വല്ലാതെ ഉയരും. ഇതാണ് ചോറുണ്ണതിനുള്ള ഏറ്റവും മോശം സമയമെന്ന് ഹോര്‍മോണ്‍ കോച്ച് പൂര്‍ണിമ പെരി പറയുന്നു. കോര്‍ട്ടിസോള്‍ ഉയരുന്നത് നമ്മുക്ക് അനാവശ്യ കൊതി അഥവാ ക്രേവിംഗ്‌സ് ഉണ്ടാക്കുന്നു. നിങ്ങള്‍ അനാവശ്യമായി ടെന്‍ഷനടിച്ച് ഭയന്ന് ചോറുണ്ടാല്‍ അത് ദഹിക്കാതെ വരികയും ഇന്‍സുലിന്‍ ഫലപ്രദമാകാതെ വരികയും ചെയ്യുന്നു.

ചോറുണ്ണുന്നതിന് മുന്‍പ് തന്നെ കറികള്‍ കഴിച്ചുതുടങ്ങാം. പരമാവധി നാരുള്ള പച്ചക്കറികള്‍ പകുതി വേവിച്ച് ചോറുണ്ണതിന് മുന്‍പ് കഴിക്കുക. ശേഷം ചോറുണ്ണുക. ഇത് ഗ്രൂക്കോസ് സ്‌പൈക്ക് കുറയ്ക്കാന്‍ സഹായിക്കും. നന്നായി വെള്ളമൊഴിച്ച് വേവിച്ച ശേഷം സ്റ്റാര്‍ച്ച് ഊറ്റിക്കളഞ്ഞ ചോറ് തന്നെ കഴിക്കുക. അധികം ചോറ് വെന്തുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക. എണ്ണയോ നെയ്യോ കൂടുതലായി ഉപയോഗിച്ചുണ്ടാക്കുന്ന ഫ്രൈഡ് റൈസ് പോലുള്ളവ ഒഴിവാക്കി വെറും ചോറ് കഴിക്കുക. ചോറ് പൂര്‍ണമായി ഒഴിവാക്കാന്‍ ശ്രമിക്കരുത്. അതിന്റെ അളവ് കുറയ്ക്കുകയും കറികളുടെ അളവ് കൂട്ടുകയും ചെയ്യാം. നിങ്ങളുടെ ചോറിന്റെ പ്ലേറ്റില്‍ ഒരു ഭാഗത്ത് പച്ചക്കറികളും മറ്റൊരു ഭാഗത്തിന്റെ പകുതി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുക. നാലിലൊന്ന് ഭാഗത്ത് മാത്രം ചോറെടുക്കുക.