Sports

‘ഞാന്‍ മറ്റ് സ്ത്രീകളെ തൊടാറില്ല’; ഇന്ത്യയുടെ വൈശാലിക്ക് കൈകൊടുക്കാൻ വിസമ്മതിച്ച് ഉസ്‌ബെക്കിസ്താന്‍ താരം, പിന്നാലെ വിവാദം | uzbek chess player refuses handshake vaishali

ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദം ഉടലെടുത്തത്

ആംസ്റ്റര്‍ഡാം: ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. വൈശാലിക്ക് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ച് ഉസ്‌ബെക്കിസ്താന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ നോദിര്‍ബെക്ക് യാകുബ്ബോവ്. നെതർലൻഡ്സിലെ വിക് ആൻ സീയിൽ നടക്കുന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിനിടെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദം ഉടലെടുത്തത്.

വെെശാവി ഹസ്തദാനത്തിനായി കെെനീട്ടിയിട്ടും ഉസ്ബെക്കിസ്ഥാൻ താരം പിൻവലിഞ്ഞുനിൽക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ഇരുവരും തമ്മിലുള്ള നാലാം റൗണ്ട് മത്സരത്തിന് മുന്നോടിയായാണ് ചെസ് ബോർഡിനടുത്തെക്കെത്തിയ യാകുബ്ബോവിന് കെെകൊടുക്കാനായി വെെശാലി കെെ നീട്ടിയത്. എന്നാൽ അത് നിരസിച്ച് അടുത്തുള്ള കസേരയിൽ താരം ഇരിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും വിവാദം ഉടലെടുക്കുകയും ചെയ്തതോടെ വിശദീകരണവുമായി യാകുബ്ബോവ് രംഗത്തെത്തി.

താന്‍ വൈശാലിയോട് അനാദരവ് ഉദ്ദേശിച്ചിട്ടില്ലെന്നും വൈശാലിയോടും അവരുടെ ഇളയ സഹോദരന്‍ ആര്‍. പ്രഗ്‌നാനന്ദയോടും തനിക്ക് എല്ലാ ബഹുമാനവുമുണ്ടെന്നും മതപരമായ കാരണങ്ങളാലാണ് കൈകൊടുക്കാതിരുന്നതെന്നും യാകുബ്ബോവ് എക്‌സില്‍ കുറിച്ചു. തന്റെ പ്രവൃത്തി വൈശാലിക്ക് അപമാനകരമായെങ്കില്‍ ക്ഷമ ചോദിക്കുന്നതായും യുകുബ്ബോവ് പറഞ്ഞു.