Kerala

‘ജനാലയിലൂടെ ഒളിഞ്ഞു നോക്കും; അച്ഛന് അവിടെ താമസിക്കാന്‍ പേടിയായിരുന്നു’; ചെന്താമരയ്ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് ഗൗനിച്ചില്ലെന്ന് സുധാകരന്റെ മകള്‍ | nenmara victim sudhakaran’s daughter response

പൊട്ടിക്കരഞ്ഞാണ് അഖില മാധ്യമങ്ങളോട് പ്രതികരിച്ചത്

പാലക്കാട്: നെന്മാറയില്‍ അമ്മയേയും മകനേയും വെട്ടിക്കൊന്ന കേസിലെ പ്രതി ചെന്താമരയ്ക്കെതിരെ പരാതി നല്‍കിയിരുന്നതായി കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില. ചെന്താമര ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വീട്ടിലേക്ക് വരാന്‍ പേടിയാണെന്ന് പറഞ്ഞിട്ടും പോലീസ് ഗൗനിച്ചില്ലെന്നും അഖില പറയുന്നു. പൊട്ടിക്കരഞ്ഞാണ് അഖില മാധ്യമങ്ങളോട് പ്രതികരിച്ചത്.

കഴിഞ്ഞ 29ന് രേഖാമൂലം പൊലീസിന് പരാതി നല്‍കി. ചെന്താമരയെ പേടിച്ച് സ്വന്തം വീട്ടിലേയ്ക്ക് പോകുമായിരുന്നില്ല. അച്ഛന് അവിടെ താമസിക്കാന്‍ പേടിയായിരുന്നു. പ്രതി ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം സ്ഥിരമായി തങ്ങളെ നിരീക്ഷിക്കാറുണ്ടായിരുന്നു. ജനാലയിലൂടെ ഒളിഞ്ഞു നോക്കും. മാനസിക പ്രശ്‌നമാണെന്ന് നടിച്ചാണ് അയാള്‍ ഇതെല്ലാം ചെയ്തിരുന്നതെന്നും മകള്‍ അഖില വ്യക്തമാക്കി.

’പരാതി നൽകിയതിന് പിന്നാലെ ചെന്താമരയെ പൊലീസ് വിളിപ്പിച്ചിരുന്നു. വീട്ടില്‍ വരാന്‍ പേടിയായതിനാല്‍ ബന്ധു വീട്ടിലാണ് പ്രതി പുറത്തിറങ്ങിയത് മുതല്‍ കഴിയുന്നത്. കഴിഞ്ഞ അഴച അച്ഛന്‍ വരാതിരുന്നത് കൊല്ലും എന്ന് ഭയന്നാണ്. പോലീസ് സ്‌റ്റേഷനില്‍ അച്ഛനും ഞാനും കൂടിയാണ് പരാതി നല്‍കിയത്. അയാളെ രാവിലെ വിളിച്ചു കൊണ്ടു പോയി വൈകിട്ട് കൊണ്ടുവിടുകയുമാണ് പോലീസ് ചെയ്തത്. പോലീസ് വന്നപ്പോള്‍ ഡ്രസ് എടുക്കണോ എന്ന തമാശ പറഞ്ഞാണ് അയാള്‍ കൂടെ പോയത്. അമ്മയെ കൊന്നതു പോലെ തന്നെ അച്ഛനേയും കൊന്നു. എനിക്കിന് ആരുണ്ട്. എന്നെയും കൊല്ലട്ടെ. പോലീസുകാരുടെ കുടുംബത്തിലെ ആര്‍ക്കെങ്കിലും ആണെങ്കിലു ആണ് ഇങ്ങനെ സംഭവിച്ചെങ്കില്‍ ഇതുപോലെ പെരുമാറുമായിരുന്നോ. പ്രതിയെ തൂക്കി കൊന്നേനെ. ഇവിടെ നന്നായി ഭക്ഷണം കൊടുത്തിട്ട് വിട്ടയച്ചു. ഞങ്ങളുടെ കണ്ണീരിന് വിലയില്ല’ അഖില പറഞ്ഞു.

ഇനി പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്നും തമിഴ്‌നാട് തിരുപ്പൂരില്‍ പോവുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. തിരുപ്പൂരില്‍ പോയ ചെന്താമര ദിവസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. അത് പൊലീസ് അറിഞ്ഞിരുന്നില്ല.

ചെന്താമരയ്‌ക്കെതിരെ നാട്ടുകാരും സമാനമായ പരാതി നല്‍കിയിരുന്നു. ജാമ്യം ലഭിച്ച പ്രതിയെ കാരണമില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്നായിരുന്നു പൊലീസ് അന്ന് പറഞ്ഞത്.

കൃത്യമായി പദ്ധതിയൊരുക്കി ആസൂത്രിതമായായിരുന്നു നെന്മാറ സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വീടിന് സമീപം മറഞ്ഞിരുന്ന് വടിവാള്‍ ഉപയോഗിച്ച് ആദ്യം വെട്ടി. ശബ്ദം കേട്ട് ഇറങ്ങിവന്ന അമ്മ മീനാക്ഷിയെ അതിന് ശേഷം വെട്ടിവീഴ്ത്തി. ഇതിന് ശേഷം നെല്ലിയാമ്പതി കാടുകളിലേക്ക് ഓടിമറയുകയായിരുന്നു. ഇയാള്‍ക്കായി പൊലീസും നാട്ടുകാരും നെല്ലിയാമ്പതി കാട്ടില്‍ തിരച്ചില്‍ നടത്തുകയാണ്.

സുധാകരനേയും ലക്ഷ്മിയേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍ ചെന്താമര കൃത്യത്തിന് തൊട്ടുമുന്‍പ് തന്നെ കാണിച്ചതായി അയല്‍വാസി പറഞ്ഞു. സുധാകരനെ വകവരുത്തുമെന്ന് ചെന്താമര വിളിച്ചു പറഞ്ഞു നടന്നിരുന്നുവെന്നും അയല്‍വാസി വ്യക്തമാക്കി. പ്രതി ചെന്താമരയെ സംരക്ഷിച്ചത് അയാളുടെ കുടുംബമാണെന്ന് മറ്റ് അയല്‍വാസികളും പറഞ്ഞു. പ്രതി മാനസിക രോഗിയെന്ന് വരുത്തി തീര്‍ക്കുന്നത് കുടുംബമാണ്. ആദ്യത്തെ കൊലപാതകത്തിന് ശേഷം ജാമ്യം എടുക്കാന്‍ സഹായിച്ചത് പ്രതിയുടെ കുടുംബമാണ്. പ്രതി വീട്ടില്‍ ആയുധം ഉള്‍പ്പടെ സൂക്ഷിച്ചിരുന്നുവെന്നും അല്‍വാസികള്‍ പറഞ്ഞു.

2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയിരുന്നു. കഴുത്തറുത്തായിരുന്നു കൊലപാതകം. ചെന്താമരയുടെ കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം സുധാകരന്റെ കുടുംബമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. ഈ കൊലയ്ക്ക് ശേഷവും ഇയാള്‍ നെല്ലിയാമ്പതി കാടുകളിലേക്കാണ് ഓടിമറഞ്ഞത്. വൈകാതെ തന്നെ ഇയാള്‍ അറസ്റ്റിലായി. രണ്ട് മാസം മുന്‍പായിരുന്നു ഇയാള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ സുധാകാരനെ വകവരുത്തുമെന്ന് ചെന്താമര പറഞ്ഞിരുന്നു.