സമ്പന്നമായ ചരിത്രത്തിനൊപ്പം കാണാക്കാഴ്ചകൾ നിറഞ്ഞ മഴനിഴൽ പ്രദേശമാണ് അഞ്ചുനാടെന്നു വിശേഷിപ്പിക്കപ്പെടുന്ന മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകൾ. പ്രകൃതി ഒരുക്കിയ മനോഹര ദൃശ്യങ്ങൾക്കൊപ്പം മൂവായിരം വർഷം പഴക്കമുള്ള ചരിത്രം അവകാശപ്പെടാനുള്ള മുനിയറകളും അഞ്ചുനാട്ടിൽ തലയുയർത്തി നിൽക്കുന്നു. പാറകൾ പാത്തികളായി പിളർന്നെടുത്ത മൂന്നു കല്ലുകൾ അഞ്ചടി ഉയരത്തിൽ ചുറ്റുമതിലായും ഒരു കല്ല് മേൽക്കൂരയായും ഉപയോഗിച്ചാണു മുനിയറികളെന്ന ഈ കൽവീടുകൾ നിർമിച്ചിരിക്കുന്നത്.
മുനിയറകൾ ബിസി ആയിരത്തിലാണ് നിർമിച്ചിരിക്കുന്നതെന്നാണു പുരാവസ്തുഗവേഷകർ പറയുന്നത്. ലോഹങ്ങൾ ഉപയോഗിക്കാത്ത കാലഘട്ടത്തിലാണ് ഇത്തരം മുനിയറകൾ നിർമിച്ചിരിക്കുന്നത്. പച്ചിലകളുടെ ചാറുപിഴിഞ്ഞു കല്ലു കീറാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ ഒഴിച്ച് അടർത്തിയെടുത്തിരുന്നതായാണു ഗവേഷകർ പറയുന്നത്.
രണ്ടു തരം മുറിയറകൾ ഇന്നു കാണാൻ കഴിയും. പാറക്കുന്നുകളുടെ മുകളിൽ സ്ഥിതിചെയ്യുന്ന മുനിയറകൾ തപസ്സ് അനുഷ്ഠിക്കാനുള്ള പീഠമായും മണ്ണിന്റെ അടിയിലുള്ളത് ശവശരീരം നന്നങ്ങാടിയിൽ പൊതിഞ്ഞ് മറവു ചെയ്യാനുമാണ് ഉപയോഗിച്ചിരുന്നത്. ഇത്തരം മുനിയറകൾ ദക്ഷിണ കൊറിയയിലാണു കൂടുതലായി കാണപ്പെടുന്നത്.
STORY HIGHLIGHTS: idukki-marayoor-kanthalloor-muniyara