Environment

5000 വർഷങ്ങൾക്കു ശേഷം ഈജിപ്തിലേക്കു തിരിച്ചെത്തി കഴുതപ്പുലി ! | spotted-hyenas-return-to-egypt

കഴുതപ്പുലികളുടെ ഒറ്റ ഗ്രൂപ്പിൽ ഏകദേശം 130 ജീവികളുണ്ടാകും

ഈജിപ്തിൽ 5000 വർഷങ്ങൾക്കു ശേഷം കഴുതപ്പുലികൾ തിരിച്ചെത്തി. സ്‌പോട്ടഡ് ഹയേന എന്നറിയപ്പെടുന്ന കഴുതപ്പുലി വിഭാഗമാണു തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ആഫ്രിക്കയിലെ സാവന്ന മേഖലയിൽ വളരെ സാധാരണമായി കാണപ്പെടുന്ന ഹയേന തെക്കൻ ഈജിപ്തിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ചത്ത നിലയിലാണ് കഴുതപ്പുലിയെ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സുഡാനിൽ നിന്ന് 500 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഈജിപ്തിൽ ഈ ജീവിയെത്തിയതെന്നാണു ഗവേഷകർ പറയുന്നത്. കൂടുതൽ ഈർപ്പമുള്ള മേഖല തേടിയായിരുന്നു ഈ യാത്ര. കാലാവസ്ഥാമാറ്റം കാരണം മൃഗങ്ങൾ നടത്തുന്ന പ്രയാണങ്ങളുടെ ഉദാഹരണമായിട്ടാണ് ഈജിപ്തിലെ കഴുതപ്പുലിയെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

ജന്തുലോകത്തിൽ അപൂർവമായുള്ള സ്ത്രീകേന്ദ്രീകൃത നേതൃവ്യവസ്ഥ പിന്തുടരുന്ന ജീവിവർഗമാണു കഴുതപ്പുലികൾ. ലയൺ കിങ് കണ്ടവർ അതിലെ വില്ലൻമാരായ കഴുതപ്പുലിക്കൂട്ടത്തിന്റെ റാണിയായ ഷെൻസിയെ ഇപ്പോഴും ഓർക്കുന്നുണ്ടാകൂ. കഴുതപ്പുലികളുടെ ഒറ്റ ഗ്രൂപ്പിൽ ഏകദേശം 130 ജീവികളുണ്ടാകും. അൻപതോളം പെൺ കഴുതപ്പുലികളും അതിൽ കുറഞ്ഞയെണ്ണത്തിൽ ആൺ കഴുതപ്പുലികളും പിന്നെ അൻപതോളം കുട്ടികളും. പെൺ കഴുതപ്പുലികൾക്കാണ് അധികാരം. കൂട്ടത്തിൽ ഏറ്റവും പ്രബലയായ കഴുതപ്പുലി കൂട്ടത്തെ നയിക്കും. പിന്നീട് ഇതിന്റെ മകളായിരിക്കും റാണി. ഇങ്ങനെ പരമ്പര തുടരും. ഇതിനിടയ്ക്ക് ചില പെൺകഴുതപ്പുലികൾ കൂട്ടം വിട്ട് പുതിയ കൂട്ടമുണ്ടാക്കും. ആൺ കഴുതപ്പുലികൾ പൊതുവേ പൂർണവളർച്ചയെത്തുമ്പോൾ തങ്ങളുടെ കൂട്ടം വിട്ട് മറ്റേതെങ്കിലുമൊരു കൂട്ടത്തിൽ ചെന്നുകയറും.

ലയൺ കിങ് ഉയർത്തിയ തെറ്റിദ്ധാരണ മൂലം കഴുതപ്പുലികളെ മോഷ്ടാക്കളായും സിംഹം വേട്ടയാടുന്നതിന്റെ പങ്ക് സൂത്രത്തിൽ അടിച്ചുമാറ്റി ജീവിക്കുന്ന ജീവികളായുമാണ് പൊതുബോധത്തിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാൽ ഇങ്ങനെയല്ല കഥ. കാര്യം, അവശിഷ്ടങ്ങൾ ഭക്ഷിക്കാനിഷ്ടപ്പെടുന്ന സ്‌കാവഞ്ചേഴ്സ് വിഭാഗത്തിലാണ് ഉൾപ്പെടുന്നതെങ്കിലും മികച്ച വേട്ടക്കാരാണു കഴുതപ്പുലികൾ. സിംഹത്തേക്കാൾ മുൻപിൽ നിൽക്കും ഇവരുടെ വേട്ടയ്ക്കുള്ള പാടവം. കഴുതപ്പുലികളുടെ 74 ശതമാനവും വേട്ടയും ഫലപ്രാപ്തിയിലെത്തുമ്പോൾ സിംഹങ്ങളുടെ 30 ശതമാനം വേട്ടകളെ ഈ വിധത്തിൽ വിജയകരമാകാറുള്ളൂ.

ഒറ്റയ്ക്കൊറ്റയ്ക്കു സിംഹവുമായി ഏറ്റുമുട്ടിയാൽ സിംഹത്തിനു കഴുതപ്പുലികളെ തോൽപിച്ച് കൊല്ലാൻ സാധിക്കും. എന്നാൽ കഴുതപ്പുലികൾ കൂട്ടമായാണ് മിക്കപ്പോഴും എത്തുന്നത്. സംഘടിതമായ കരുത്തിനു മുന്നിൽ പലപ്പോഴും സിംഹങ്ങൾ മുട്ടുമടക്കാറുണ്ട്. അതേപോലെ തന്നെ കഴുതപ്പുലികളുടെ അധിവാസ മേഖലകളിലേക്കു പ്രവേശിക്കുന്ന സിംഹങ്ങളെയും കഴുതപ്പുലികൾ വെറുതെ വിടാറില്ല. ഒരുപാടു സവിശേഷതകളുണ്ട് കഴുതപ്പുലികൾക്ക്. ബിഗ് ക്യാറ്റ്, അല്ലെങ്കിൽ കാനിഡേ കുടുംബത്തിലൊന്നും പെടാത്ത കഴുതപ്പുലിക്ക് സ്വന്തമായി ഒരു ജന്തുകുടുംബമുണ്ട്. ഹയേനിഡേ എന്ന് ഇത് അറിയപ്പെടുന്നു.

നാലരയടിവരെ പൊക്കവും 80 കിലോ വരെ ഭാരവുമുള്ള ഈ ജീവിവർഗത്തിന്റെ തലയ്ക്കു വലിയ വലുപ്പമാണ്. ശക്തമായ താടിയെല്ലുകൾ ഇവയുടെ കടിബലം കൂട്ടുന്നു. ഇരയാക്കപ്പെടുന്ന മൃഗങ്ങളുടെ എല്ലുകൾ പോലും ഇവ ബാക്കിവയ്ക്കാറില്ല. ശക്തമായ മുൻകാലുകൾ വേട്ടയ്ക്ക് ഇവയ്ക്ക് ഗുണകരമാകുന്നു. അതുപോലെ തന്നെ വേട്ടയിൽ ഇവ പുലർത്തുന്ന തന്ത്രങ്ങളും വ്യത്യസ്തമാണ്. വേട്ടയ്ക്കായി ഒരു മൃഗക്കൂട്ടത്തെ സമീപിക്കുമ്പോൾ അവയിൽ ഏറ്റവും കരുത്തും വേഗവുമുള്ളവയെ പിന്തുടരാതെ അവശതയുള്ളതോ അല്ലെങ്കിൽ എന്തെങ്കിലും അംഗഭംഗം വന്നതോ ആയ ജീവികളെയാണ് ഇവ ലക്ഷ്യമിടുന്നത്. ഇതുമൂലം ഇവയ്ക്ക് പെട്ടെന്ന് ഇര ലഭിക്കുന്നു.

STORY HIGHLIGHTS:   spotted-hyenas-return-to-egypt