കാർവാർ: കർണാടകയിലെ ഹൊന്നാവറിൽ ഗോവധക്കേസ് പ്രതിയെ കാലിന് വെടിവെച്ച് പൊലീസ്. കസർകോട് ഗ്രാമത്തിലെ ടോങ്ക സ്വദേശിയായ മൊഹമ്മദ് ഫൈസാൻ ഹസൻ കാവ്ക എന്ന യുവാവിനെതിരെ നിറയൊഴിച്ചത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർഥം വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സാൽകോ ഗ്രാമത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഗോവധക്കേസിലെ പ്രതിയായ ഫൈസാൻ കാർവാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഫൈസാനും കൂട്ടാളികളും ഗർഭിണിയായ പശുവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
പശുവിന്റെ തലയറുത്ത് വയറുതുറന്ന് ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്. കേസിൽ അഞ്ചോളം പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉത്തര കന്നഡ എസ്പി നാരായൺ എം പറഞ്ഞു. ഇവർ മാംസത്തിനായാണ് പശുവിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. സംഭവം നടന്നതിൻ്റെ പിറ്റേന്ന് ഭട്കലിൽ ഒരു വിവാഹത്തിൽ ബീഫ് വിളമ്പിയതായി പൊലീസ് കണ്ടെത്തി കേസിലെ പ്രതികളായ മറ്റുള്ളവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി.
ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം ഫൈസാനെ തെളിവെടുപ്പിനായി കൊണ്ടുപോയപ്പോഴാണ് പൊലീസിനെ ആക്രമിച്ചത്. ദുഗ്ഗുരു വനത്തിൽ വെച്ച് ഫൈസാൻ വെട്ടുകത്തി വീണ്ടെടുത്ത് ഇൻസ്പെക്ടർ സിദ്ധരാമേശ്വരനെ ആക്രമിച്ച് താഴെയിട്ടു. പിഎസ്ഐ രാജശേഖർ വണ്ടാലി, ഹെഡ് കോൺസ്റ്റബിൾമാരായ ഗജാനൻ നായിക്, ഗണേഷ് ബദ്‌നി എന്നിവർ ഇടപെട്ടപ്പോൾ ഫൈസാൻ അവർക്ക് നേരെയും ആക്രമണമഴിച്ചുവിട്ടു. തുടർന്ന്, സ്വയരക്ഷയ്ക്കായി വെടിവെച്ചെന്ന് പൊലീസ് അറിയിച്ചു.
content highlight : karnataka-police-shoot-out-cow-slaughter-accused