മാന്നാർ: നിയന്ത്രണം തെറ്റിയ കാർ കാൽനടയാത്രക്കാരനെ ഇടിച്ച ശേഷം ഒരു വീടിന്റെ ഗേറ്റ് തകർത്ത് മറ്റൊരു വീടിന്റെ കാർ പോർച്ചിലേക്ക് ഇടിച്ചു കയറി. ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരൻ പരുമല പുതുപറമ്പിൽ കിഴക്കേതിൽ പി.പി. ഗിവർഗീസിനെ (62 പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
പരുമല തിക്കപ്പുഴ ജംഗ്ഷന് സമീപം തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ചെങ്ങന്നുർ ഭാഗത്ത് നിന്നും പരുമലയിലേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പരുമല പുത്തൻപുരയിൽ ജോസിന്റെ വീടിന്റെ ഗേറ്റും മതിലും തകർത്ത കാർ പുത്തൻ പുരയിൽ വർഗീസിന്റെ കാർപോർച്ചിന്റെ തൂണിൽ ഇടിച്ചു കയറുകയായിരുന്നു. രണ്ട് വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന പരുമല സ്വദേശികളായ രണ്ട് യുവാക്കൾ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കാറിന്റെ ബ്രേക്ക് നഷ്ടപെട്ടതാണ് അപകടത്തിൽപെടാൻ കാരണമെന്ന് യുവാക്കൾ പറഞ്ഞു.
content highlight : car-break-failed-and-knocked-down-a-passenger-rammed-into-two-houses-nearby