അതിദരിദ്ര കുടുംബങ്ങളില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായി അടുത്ത നവംബറിൽ കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം കൈവരിച്ച നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിനു പകരം ഫെഡറലിസം തന്നെ തകർക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് എന്നും അദ്ദേഹം ആരോപിച്ചു. എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സിപിഎമ്മിന്റെ സംഘടനാ കരുത്ത് വിളിച്ചോതുന്ന ചുവപ്പു സേനാ മാർച്ചും വലിയ ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധ നേടിയതായിരുന്നു ഇത്തവണത്തെ ജില്ലാ സമ്മേളനം.
വയനാട് ദുരന്തത്തിൽ അർഹതപ്പെട്ട സഹായം ഇനിയും നല്‍കിയിട്ടില്ല. സംസ്ഥാനത്തിന്റെ അവകാശങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നു. ലൈഫ് മിഷനിൽ 4.25 ലക്ഷം വീടുകൾ പൂർത്തിയാക്കി. 5 ലക്ഷം വീടുകളിൽ ബാക്കി കൂടി ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും. 4 ലക്ഷം രൂപയുടെ വീടിന് കേന്ദ്രം നൽകുന്നത് 72,000 രൂപയാണെങ്കിലും പ്രധാനമന്ത്രിയുടെ ചിത്രം വീടിനു മുന്നിൽ വയ്ക്കണമെന്നാണ് ആവശ്യം. പാവപ്പെട്ടവരുടെ ആത്മാഭിമാനം പണയപ്പെടുത്താൻ ഒരുക്കമല്ലാത്തതിനാൽ ഇത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ മഹാത്മാഗാന്ധിയെ അടക്കം സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നൽകിയവരെ തമസ്കരിക്കുന്നതാണ് പുതിയ കാലത്ത് കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയ അവതാരങ്ങളെ ആ സ്ഥാനത്തു പ്രതിഷ്ഠിക്കുകയാണ്.
ബിജെപി വിരുദ്ധ കൂട്ടായ്മ ശക്തമാക്കിയില്ലെങ്കിൽ ഇവർ ഇനിയും ഈ നടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഡൽഹി തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കോൺഗ്രസ് ഇതിനു വിരുദ്ധമായ നിലപാടാണു സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ജനകീയ അടിത്തറ വിപുലപ്പെടുത്തി ജില്ലയിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകൾ ശക്തമാക്കാനും മാലിന്യ സംസ്രണം, വൃദ്ധപരിചരണം തുടങ്ങിയ മേഖലകളിൽ ഇടപെടലുകൾ ശക്തമാക്കാനും ജില്ലാ സമ്മേളനം തീരുമാനിച്ചു. സി.എൻ.മോഹൻ ജില്ലാ സെക്രട്ടറിയായി തുടരും. 10 പുതുമുഖങ്ങൾ ഉൾപ്പെടെ 46 അംഗ ജില്ലാ കമ്മിറ്റിയെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. നിലവിലെ കമ്മിറ്റിയിലുണ്ടായിരുന്ന 10 പേർ ഒഴിവായി. ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരണം സംസ്ഥാന സമ്മേളനത്തിനു ശേഷം നടക്കും. സംസ്ഥാന സമ്മേളന പ്രതിനിധികളായി 30 പേരെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു.
സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ യോഗത്തിൽ അധ്യക്ഷനായി. പത്മഭൂഷൺ ബഹുമതി നേടിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ സമ്മേളനത്തിൽ ആദരിച്ചു. പ്രഫ.എം.കെ. സാനു, കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി പി.രാജീവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപി കോട്ടമുറിക്കൽ, എസ്.സതീഷ്, സി.എം.ദിനേശ്മണി, കെ.ചന്ദ്രൻപിള്ള തുടങ്ങിയവരും സമാപനസമ്മേളനത്തിൽ പങ്കെടുത്തു.
STORY HIGHLIGHT: pinarayi vijayan