മൂന്നാർ: വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാൽ ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി 1 മുതൽ രണ്ടു മാസത്തേക്ക് അടയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ, സന്ദർശകമേഖലയായ രാജമലയിലേക്കു വിനോദസഞ്ചാരികൾക്കു പ്രവേശനമുണ്ടാകില്ല. ഇരവികുളത്ത് ഈ സീസണിൽ ഇതുവരെ 10 വരയാടിൻകുഞ്ഞുങ്ങൾ പിറന്നതായി വനംവകുപ്പ് അറിയിച്ചു. നായ്ക്കൊല്ലിമല ഭാഗത്താണ് വരയാട് കുട്ടികളെ കണ്ടെത്തിയത്. മനുഷ്യസാന്നിധ്യം വരയാടുകളുടെ ജീവിതക്രമത്തെ ബാധിക്കുമെന്നത് കണക്കിലെടുത്താണ് തീരുമാനം.