Kerala

കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിൽ കെഎസ്‍യു-എസ്എഫ്ഐ സംഘര്‍ഷം; 20 പേര്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂർ മാളയിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിലാണ് കെഎസ്‍യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കെഎസ്‍യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിന്‍റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം കാണിച്ചു എന്നാണ് എസ്എഫ്ഐ ആരോപണം. എസ്എഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്‍യുവും ആരോപിച്ചു. പൊലീസെത്തി ലാത്തിവീശിയതോടെയാണ് സംഘർഷം അയഞ്ഞത്.

മാള ഹോളി ഗ്രേസ് കോളജിലാണ് ഡി സോൺ കലോത്സവം നടന്നത്. സ്കിറ്റ് മത്സരത്തിന് പിന്നാലെയായിരുന്നു സംഘർഷം. ഇരുപത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കെഎസ്‍യു നേതാക്കളെ കൊണ്ടുപോയ ആംബുലൻസ് ആക്രമിച്ചു. കൊരട്ടിയിലായിരുന്നു ആക്രമണം. ആംബുലൻസിൻ്റെ ചില്ല് തകർന്നു. കെഎസ്‍യു നേതാക്കൾ പൊലീസ് സ്റ്റേഷനിൽ തുടരുന്നു.