India

ജിബിഎസ് ബാധയെന്ന് സംശയം: സോലാപുരിൽ ഒരു മരണം; പുണെയിലേക്ക് കേന്ദ്രസംഘം

ന്യൂഡൽഹി: അപൂർവ നാഡീരോഗം ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ചെന്നു സംശയിക്കുന്നയാൾ സോലാപുരിൽ മരിച്ചു. പുണെ സന്ദർശിച്ചപ്പോഴാണ് 40 വയസ്സുകാരന് രോഗം പിടിപെട്ടതെന്നാണു നിഗമനം. ഈ മാസം 18നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിക്കാൻ രക്തസാംപിൾ പുണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.

പുണെ ജില്ലയിൽ ജിബിഎസ് ബാധിച്ചവരുടെ എണ്ണം 101 ആയി ഉയർ‌ന്നു. 16 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആശങ്ക ഉയർന്നതോടെ ഡൽഹി നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ബംഗളൂരു നിംഹാൻസ്,പൂണെ വൈറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽനിന്നുള്ള 7 അംഗ സംഘത്തെ കേന്ദ്രം പുണെയിലേക്ക് അയച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ദ്രുതകർമസേനയുടെ സർവേയും പുരോഗമിക്കുകയാണ്.

മഹാരാഷ്ട്രയിലെ മറ്റൊരു ജില്ലയിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാഡിയുടെ പ്രവർത്തനം, ചലന, രോഗപ്രതിരോധ ശേഷി എന്നിവയെ ബാധിക്കുന്ന രോഗം പക്ഷാഘാതത്തിനു കാരണമാകാറുണ്ട്. കൈകാലുകൾക്കു ബലക്ഷയം, വയറുവേദന, അതിസാരം എന്നിവയുമായി ചികിത്സ തേടുന്നവർക്ക് പിന്നീട് പേശികൾക്കു കടുത്ത ബലക്ഷയവും പനിയും ഉണ്ടാകാറുണ്ട്.