ന്യൂഡൽഹി: ഉള്ളടക്ക വിഷയത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് കമ്പനി ഓപ്പൺ എഐക്കെതിരെ ഹർജിയുമായി വിവിധ ഓൺലൈൻ മാധ്യമ സ്ഥാപനങ്ങൾ. ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്സ്പ്രസ് എന്നീ മാധ്യമസ്ഥാപനങ്ങളുടെ ഓൺലൈൻ വിഭാഗങ്ങൾ, എൻഡിടിവി കൺവെർജൻസ്, ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഡിഎൻപിഎ) എന്നിവരാണു ഹൈക്കോടതിയിൽ ഇടപെടൽ ഹർജി നൽകിയിരിക്കുന്നത്.
വാർത്താ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നു കാട്ടി വാർത്താ ഏജൻസിയായ എഎൻഐയും കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിക്കൊപ്പം തങ്ങളുടെ ഭാഗവും കേൾക്കണമെന്നാണ് ആവശ്യം. പകർപ്പവകാശ വ്യവസ്ഥകളുടെ പരിധിയിൽ വരുന്ന ഉള്ളടക്കങ്ങൾ ഓപ്പൺ എഐ അപകടകരമായ രീതിയിൽ ഉപയോഗിക്കുകയാണെന്നു ഹർജിയിൽ പറയുന്നു.