ദില്ലിയിലെ ബുരാരിയിൽ നാലുനിലക്കെട്ടിടം തകർന്നുവീണു. ബുരാരിയിലെ ഓസ്‌കാർ പബ്ലിക്ക് സ്കൂളിനുസമീപമാണ് അപകടം സംഭവിച്ചത്. പത്ത് പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധിപ്പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പഴയ ഫ്ലാറ്റ് സമുച്ചയമാണ് തകർന്നതെന്നാണ് പുറത്ത് വരുന്ന വിവരം. കെട്ടിടത്തിന്റെ ബലക്ഷയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക നിഗമനം. അഗ്നിരക്ഷാസേനാംഗങ്ങളും പോലീസും പ്രദേശാവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടക്കുകയാണ്. കെട്ടിടം തകർന്നുണ്ടായ അപകടം ദാരുണമായ സംഭവമാണെന്നും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ പാർട്ടിയുടെ പ്രാദേശിക എംഎൽഎയോടും പ്രവർത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എക്സിൽ കുറിച്ചു.
അപകടം വളരെ സങ്കടകരമാണ്, ബുരാരിയിൽ നിന്നുള്ള ആപ്പ് എംഎൽഎ സഞ്ജീവ് ഝാ പാർട്ടി പ്രവർത്തകരുമായി ഉടൻ തന്നെ അവിടെയെത്തി ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നുണ്ട്, പ്രദേശവാസികൾക്ക് സാധ്യമായ എല്ലാ വിധ സഹായവും ഉറപ്പുവരുത്തുമെന്ന് അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.
STORY HIGHLIGHT: four storey building collapses